മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കടിച്ചു കൊല്ലുന്ന രംഗം സ്കൂളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത് പ്രതിയെ പിടികൂടാന്‍ സഹായകമായി.
ആലംകോട് പള്ളിക്കല്‍ മണ്ണൂര്‍ ഭാഗത്ത് അശ്വതി ഭവനില്‍ വിനില്‍ കുമാര്‍ (40) ആണു തലയ്ക്കടിയേറ്റു മരിച്ചത്. ഇയാളുടെ സുഹൃത്ത് മുടപുരം ചുമടുതാങ്ങിയില്‍ വീട്ടില്‍ മോഹന ചന്ദ്രന്‍ നായര്‍ (46) ആണു കേസിലെ പ്രതി.
കൂലിവേലക്കാരായ ഇരുവരും സ്വന്തം വീടുകളില്‍ നിന്ന് പിണങ്ങി ശാര്‍ക്കര പറമ്പിലായിരുന്നു രാത്രി ഉറക്കം. മദ്യപിക്കുന്നതും ഒരുമിച്ചുതന്നെയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇരുവരും മൂക്കറ്റം മദ്യപിച്ച് ശാര്‍ക്കര പറമ്പിലെത്തുകയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തതോടെ വിനില്‍ കുമാര്‍ മോഹന ചന്ദ്രനെ മര്‍ദ്ദിച്ചു.
അതിനു ശേഷം മദ്യലഹരിയില്‍ ലക്കുകെട്ട വിനില്‍ കുമാര്‍ പറമ്പിലെ കിളിത്തട്ടില്‍ ഉറക്കം പിടിച്ചപ്പോള്‍ കോണ്‍ക്രീറ്റ് കല്ലുമായി എത്തിയ മോഹനചന്ദ്രന്‍ നായര്‍ വിനില്‍ കുമാറിന്റെ തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിനു ദൃക്സാക്ഷികളില്ലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം സംഭവം നടന്ന സ്ഥലത്തുള്ള ശാര്‍ക്കര നോബിള്‍ ഗ്രൂപ്പ് സ്കൂളായ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത് കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം 2.11 നായിരുന്നു തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവം നടന്നത്.
പൊലീസ് പ്രതിയെ മുടപുരത്തു നിന്ന് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍, സിഐ ഷാജി, എസ്ഐ ഷൈന്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ പിടിച്ചത്.