നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളെല്ലാം നവമാധ്യമങ്ങളില്‍ സജീവമാണ്. ഫേസ്‌ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി നവമാധ്യമങ്ങളുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടികളുടെ ശ്രമം. ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് പുറമെ, മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും നവമാധ്യമങ്ങളിലൂടെ സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്യുന്നു.
നവമാധ്യമങ്ങളിലെ പ്രചാരണം യുവ വോട്ടര്‍മാരെ സ്വാധീനിക്കും എന്ന തിരിച്ചറിവാണ് പാര്‍ട്ടികളുടെ ഈ ചുവടുമാറ്റത്തിന് കാരണം. മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥികളുടെ നിലപാടുകളടക്കമുള്ള കാര്യങ്ങളും പ്രധാനമായും ചർച്ച ചെയ്യുന്ന ഇടവും സോഷ്യൽമീഡിയ തന്നെ.
നവമാധ്യമങ്ങളുടെ സാധ്യത ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നത് അഴീക്കോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവർത്തകനുമായ നികേഷ് കുമാറാണ്. മണ്ഡലത്തിലെ തന്റെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ചര്‍ച്ചകളുമായും വോട്ടര്‍മാരുടെ കൂടെയുള്ള സെല്‍ഫികള്‍ പോസ്റ്റ് ചെയ്തും നികേഷ് കുമാര്‍ നവമാധ്യമങ്ങളില്‍ സജീവമാണ്.
അഴീക്കോട് മണ്ഡലത്തിലെ നികേഷ് കുമാറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ എം എല്‍ എയുമായ കെ എം ഷാജിയും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. ദിവസേനയുള്ള മണ്ഡലപര്യടനങ്ങളുടെ വിശേഷങ്ങളും നാട്ടുകാരുടെ കൂടെ നിന്നുള്ള ഫോട്ടോകളും ഷാജിയും ഫേസ്‌ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും പങ്കുവയ്ക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്‍.
ജനങ്ങളുമായി നേരിട്ടുള്ള ആശയ വിനിമയത്തിനായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട്. അഭിമുഖങ്ങളുടെ വീഡിയോകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ, രാഷ്ട്രീയ വിഷയങ്ങളിലെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവയെല്ലാം ആ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഇ-മെയിൽ വഴി മറുപടി നൽകുന്ന സംവിധാനവും ഇതിലുണ്ട്.
ആലപ്പുഴ എം എല്‍ എ തോമസ് ഐസക്ക് ‘ഐസക്കിന്റെ ഫേസ്‌ബുക്ക് ഡയറി’ എന്ന പേരില്‍ ഒരു പുസ്തക പ്രാകാശനം നടത്തി സമൂഹമാധ്യമങ്ങളിലെ തന്റെ ഇടപെടലുകളെക്കുറിച്ച് ജനങ്ങളില്‍ എത്തിച്ചു. നടന്‍ മമ്മൂട്ടിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സമൂഹ്യ വിഷയങ്ങളെ ചര്‍ച്ചയാക്കിയും അഭിപ്രായം പറഞ്ഞും ഐസക്ക് നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.
കോണ്‍ഗ്രസിന്റെ യുവ എം എല്‍ എമാരായ ഹൈബി ഈഡനും വി ടി ബല്‍റാമും പൊതുവേ ഓണ്‍ലൈന്‍ ചര്‍ച്ചകളിലും സംവാധങ്ങളിലും സജീവമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവരും വളരെ സജീവമായി രംഗത്തുണ്ട്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടേയും ഫേസ്‌ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ടീം തന്നെ രൂപീകരിച്ചിട്ടുണ്ട്. 2014 ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നവമാധ്യമങ്ങളുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ചിരുന്നു. ഈ രീതി നിയമസഭാ തെരഞ്ഞെടുപ്പിലും പരമാവധി നടപ്പാക്കുകയെന്ന ലക്ഷ്യമാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വക്കുന്നത്. എന്തായാലും ഈ രീതി ഗുണകരമാകുമോ? കാത്തിരുന്നു കാണാം.