നിന്നോട് ആരാ ആവശ്യമില്ലാത്തതൊക്കെ ചാനലുകാരോട് പറയാന്‍ പറഞ്ഞത്? - വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു!

Webdunia
ശനി, 15 ജൂലൈ 2017 (10:11 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. സംഭവം കത്തിനില്‍ക്കവേ പ്രതികരണവുമായി ദിലീപിന്റെ സഹോദരന്‍ അനൂപും രംഗത്തെത്തിയിരുന്നു. ഇതോടെ പുലിവാല്‍ പിടിച്ചത് ദിലീപ് തന്നെയായിരുന്നു. ചാനലുകാരോട് അങ്ങനെയെല്ലാം പറഞ്ഞതിന് ദിലീപ് അനൂപിനെ ശകാരിക്കുകയും ചെയ്തു.
 
വെള്ളിയാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ദിലീപ് അനുജനോട് കയര്‍ത്തു സംസാരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരുമെല്ലാം നോക്കി നില്‍ക്കവെയായിരുന്നു സംഭവം നടന്നത്. കോടതി വരാന്തയില്‍ വെച്ചാണ് ദിലീപ് അനൂപിനെ കണ്ടത്. ‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാനെന്നു കുപിതനായി ദിലീപ് അനൂപിനോടു ചോദിച്ചു. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ ? അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും‘ എന്നും ദിലീപ് പറഞ്ഞു. 
 
ശക്തമായ ഭാഷയിലായിരുന്നു അനൂപ് വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിച്ചത്. ഗൂഡാലോചന ദിലീപിന്റേത് അല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. എല്ലാവരുടെയും പണി കഴിയട്ടെ അപ്പോള്‍ തങ്ങള്‍ തുടങ്ങുമെന്നും അനൂപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.
Next Article