നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ജനത്തെ എന്തിന് ബുദ്ധിമുട്ടിക്കുന്നു? ഗതാഗതം തടസ്സപ്പെടുത്തുന്ന ജാഥകള്‍ക്കു നേരെ ചോദ്യമുയര്‍ത്തി മോഹന്‍ലാല്‍ !

വ്യാഴം, 21 ജനുവരി 2016 (20:28 IST)
ഗതാഗതം തടസ്സപ്പെടുത്തി ജാഥകള്‍ നടത്തുന്നവര്‍ക്കെതിരെ നടന്‍ മോഹന്‍ലാല്‍ രംഗത്ത്. 'എന്റെ യാത്ര തടയാന്‍ എന്ത് അവകാശം?’ എന്ന ചോദ്യത്തോടെയാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിഞ്ഞില്ലെങ്കില്‍ പിന്നെ രാഷ്ട്രീയം കൊണ്ട് എന്തുകാര്യം എന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ ചോദിക്കുന്നു. 'ദി കംപ്ലീറ്റ് ആക്ടര്‍' എന്ന തന്‍റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള ജാഥകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.
 
സംഘബലമുള്ളതുകൊണ്ട് വ്യക്തിയെ കാണാതിരിക്കരുത്. "നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ജനം ബുദ്ധിമുട്ട് സഹിക്കുന്നത് എന്തിന്?. അല്ലെങ്കില്‍ തന്നെ എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്?. നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് അറിയാവുന്നത്? " - മോഹന്‍ലാല്‍ ചോദിക്കുന്നു.
 
ആഘോഷങ്ങള്‍ക്കു വേണ്ടി പൊതുനിരത്തുകള്‍ മുടക്കുന്ന എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ നിങ്ങള്‍ ഒരോരുത്തരും ബാധ്യസ്ഥരാണ്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാതിരിക്കുകയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുക എന്നത് അടിസ്ഥാനപരമായി സംസ്‌കാരമില്ലായ്മ തന്നെയാണെന്നും മോഹന്‍ലാല്‍ പറയുന്നു.
 
രാഷ്ട്രീയം എന്നുള്ളത് ചിന്തയിലാണ് വേണ്ടതെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിക്കുന്നു.

വെബ്ദുനിയ വായിക്കുക