സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ താമരശ്ശേരി രൂപതാ ആസ്ഥാനത്ത് എത്തിയാണ് രഹസ്യകൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ മലയോര മേഖലയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് കൂടിക്കാഴ്ചയില്‍ പിണറായി ആവശ്യപ്പെട്ടത്.
സന്ദര്‍ശനത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ബിഷപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടോ“ എന്ന മറുചോദ്യമാണ് പിണറായി ഉന്നയിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടിയുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് സിപിഎം എതിരാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താലിന് എല്‍ ഡി എഫ് ആഹ്വാനം ചെയ്തിരുന്നു.
2007 ലെ വിവാദമായ ‘നികൃഷ്ടജീവി‘ പദപ്രയോഗത്തിന് ശേഷം ആദ്യമായാണ് പിണറായി താമരശ്ശേരി ബിഷപ്പിനെ കാണുന്നത്. 2007ല്‍ മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു പിണറായിയുടെ പ്രസ്താവന. മത്തായി ചാക്കോയ്ക്ക് പള്ളി സെമിത്തേരിയില്‍ സംസ്ക്കാരം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അന്നത്തെ താമരശ്ശേരി ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയ്ക്കെതിരെ ആയിരുന്നു പിണറായിരുന്നു പദപ്രയോഗം.