നികുതി വെട്ടിപ്പ്; ദിലീപിനെ ചോദ്യം ചെയ്യും

Webdunia
തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (09:19 IST)
PRO
സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ഇന്ന് കൊച്ചിയില്‍ സെന്‍ട്രല്‍ എക്‌സൈസ് ചോദ്യം ചെയ്യും.

ഇന്ന് 11 മണിക്ക് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപിന് സെന്‍ട്രല്‍ എക്‌സൈസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ദിലീപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ് നാളെ വെളിപ്പെടുത്തണം. ശനിയാഴ്ച്ച നടത്തിയ റെയ്ഡിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

കണക്കില്‍പ്പെടാത്ത 13 ലക്ഷം രൂപയും വിദേശ കറന്‍സിയും ദിലീപിന്റെ വീട്ടില്‍ നിന്നും സെന്‍ട്രല്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ദിലീപിന്റെ വീട്ടിലും സിനിമാ നിര്‍മ്മാണ കമ്പനിയിലും സെന്‍ട്രല്‍ എക്‌സൈസ് സംഘം ശനിയാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു.

പ്രതിഫല തുക കുറച്ച് കാണിച്ചാണ് ദിലീപ് വെട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ലാല്‍ ജോസിന്റെ എല്‍ജെ പ്രൊഡക്ഷന്‍സിലും റെയ്ഡ് നടത്തി.

വരുമാന സ്രോതസ് വെളിപ്പെടുത്താന്‍ മറ്റ് നടന്മാര്‍ക്കും നിര്‍മ്മാതാക്കളോടും സെന്‍ട്രല്‍ എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. സേവന നികുതി അടക്കാത്ത പ്രമുഖ നടന്മാരുടേയും നിര്‍മ്മാതാക്കളുടേയും വീടുകളിലും ഓഫീസുകളിലും വരും ദിവസങ്ങളില്‍ സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തും.