സുനാമി ഉള്‍പ്പെടെ തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ നാശം വിതച്ച തമിഴ്‌നാട്ടിലെ നാഗപട്ടണം നിവാസികള്‍ക്ക് പ്രതീക്ഷയുടെ പുതിയലോകം സമ്മാനിച്ച് നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയും നിംസ് മെഡിസിറ്റിയും സംയുക്തമായി നടപ്പാക്കുന്ന 'നിംസ് നാടപട്ടണം റിവൈവ് - സമഗ്ര ജീവിത പുനരധിവാസ - ജീവകാരുണ്യ പദ്ധതി'യ്‌ക്ക് ഈമാസം 15ന് തുടക്കമാകും.
സുനാമി കനത്ത നാശം വിതച്ച പത്ത് കേന്ദ്രങ്ങളിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുക. തീര നിവാസികളെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കുകയും ആവശ്യമായ പരിശീലനങ്ങളും ബോധവത്‌കരണങ്ങളും നല്‍കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സൗജന്യ ആരോഗ്യ ക്യാമ്പുകള്‍, തുടര്‍ ചികിത്സാ സൗകര്യങ്ങള്‍, സൗജന്യ പഠനോപകരണ - വസ്ത്ര വിതരണം, തൊഴില്‍ പരിശീലനം, സ്‌ത്രീകള്‍ക്കായി കരകൗശല വസ്‌തുക്കളുടെ നിര്‍മ്മാണ പരിശീലനം, കരകൗശല വസ്‌തുക്കളുടെ വിപണന സൗകര്യം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ഉദ്ഘാടനം 15ന് രാവിലെ ഒന്പതിന് നാഗപട്ടണം സാവേരിയ കോവില്‍ സെന്റ് തോമസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്‌ടര്‍ ടി. മുനുസ്വാമി നിര്‍വഹിക്കും. തുടര്‍ന്ന് നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാന്പ് നടക്കും. നൂറുല്‍ ഇസ്ളാം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പെരുമാള്‍ സ്വാമിയാണ് റിവൈവ് പദ്ധതിയുടെ മേധാവി.
പദ്ധതിയിലേക്ക് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകൾക്കും വസ്‌ത്രങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ സംഭാവന ചെയ്യാമെന്ന് നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രൊ- വൈസ് ചാന്‍സലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടറുമായ എം.എസ്. ഫൈസല്‍ഖാന്‍ പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നതിന്റെ കൗണ്ടര്‍ ഉദ്ഘാടനം നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. എ.പി. മജീദ്ഖാന്‍ നിര്‍വഹിച്ചു. നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ഡോ. മധു ശ്രീധരന്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്‌ജു തമ്പി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലക്ഷ്‌മി ബി. ഉണ്ണി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. റിവൈവ് പദ്ധതി സംബന്ധിച്ച വിവരങ്ങൾക്ക് ഫോണ്‍: 94472 47772