നാല്‌ കിലോ സ്വര്‍ണം കടത്താന്‍ കസ്റ്റംസിന് ഒരു ലക്ഷം കൈക്കൂലി; കമ്മീഷന്‍ നല്‍കുന്നതില്‍ ഫായിസ് കസ്റ്റംസിനെയും പറ്റിച്ചു

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2013 (13:12 IST)
PRO
നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ അനുവദിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ കൈക്കൂലി.നാല് കിലോ സ്വര്‍ണം കടത്താന്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ഫായിസ് മൊഴി നല്‍കി.

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുകൊടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരെയും കേസിലെ പ്രതി ഫായിസ് പറ്റിച്ചതായി റിപ്പോര്‍ട്ട്.കടത്തുന്ന സ്വര്‍ണം എത്രയെന്ന് സംബന്ധിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്ന് ഫായിസ് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പണമായി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കിയതെന്നാണ് ഫായിസ് പറഞ്ഞത്. നെടുമ്പാശേരി വഴി 20 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഫായിസിനെ പിടികൂടിയത്

ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ തുക കുറച്ചു നല്‍കാനായി 20 കിലോ സ്വര്‍ണം കടത്തിയപ്പോള്‍ നാല് കിലോയാണ് കടത്തുന്നത് എന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും ഫായിസിന്റെ മൊഴിയിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ അറസ്റ്റിലായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം ചോദ്യം ചെയ്തപ്പോഴാണത്രെ ഫായിസ് കമ്മീഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്.അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.