നാലരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അച്ഛന്‍ വിഷം നല്‍കിയതായി ആരോപണം. ഗുരുതരാവസ്ഥയിലായ കുഞ്ഞ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നലെ രാവിലെ 8.30ന് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം മഞ്ഞപ്പെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം. കളപ്പുരയ്ക്കല്‍ രാജേഷ് (32) മകന്‍ അനന്തന്റെ വായില്‍ ബലമായി കീടനാശിനി ഒഴിച്ചെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
ഉടന്‍ തന്നെ കുഞ്ഞിനെ നെടുങ്കണ്ടത്തും തുടര്‍ന്ന് കട്ടപ്പനയിലും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. അവിടെനിന്നും ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. 1.30ന് കുട്ടികളുടെ ആശുപത്രിയില്‍ എത്തിയ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ഇരുപത്തിനാലു മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഭാര്യ മായയുമായി സ്ഥിരം കലഹത്തിലായിരുന്നു ഇയാള്‍. ഞായറാഴ്ചയും തിങ്കളാഴ്ചയും രാജേഷ് ഭാര്യയെ കൂറമായി മര്‍ദിച്ചിരുന്നു. ഇക്കാര്യം തിങ്കളാഴ്ച രാത്രിയില്‍ മായ സഹോദരന്‍ സന്തോഷിനെ വിളിച്ചറിയിച്ചു. ഇന്നലെ രാവിലെ മായയുടെ അമ്മ രാജേഷിന്റെ വീട്ടിലെത്തി മായയെയും കുഞ്ഞിനെയും മുരിക്കാശേരിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി.
മായ അമ്മയുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചശേഷം വസ്ത്രം മാറാന്‍ പോയ സമയം രാജേഷ് കുഞ്ഞിനെ പിടിച്ചുവാങ്ങി വീടിനു പുറകിലേക്ക് ഓടി ഏലത്തോട്ടത്തില്‍ ഉപയോഗിക്കുന്ന കീടനാശിനി കുഞ്ഞിന്റെ വായില്‍ ബലമായി ഒഴിക്കുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. ബഹളത്തിനിടെ മായയെയും മായയുടെ അമ്മയെയും ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ രാജേഷിന്റെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു.
കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയശേഷം മായയുടെ ബന്ധുക്കള്‍ അറിയിച്ചതിനുസരിച്ച് നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയില്‍ രാജേഷിന്റെ വീട്ടില്‍ നിന്നും വാറ്റ് ചാരായം പിടിച്ചെടുത്തു.