നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി, അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷ

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (13:27 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച നാദിര്‍ഷ അറസ്റ്റ് ഒഴിവാക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
 
കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ടെന്നും മുമ്പ് പലതവണ ചോദ്യം ചെയ്തതാണെന്നും നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ പറയുന്നു. അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം നാദിര്‍ഷ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
 
മുമ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ നല്‍കിയ മൊഴിയില്‍ പലതും നുണകളാണെന്നാണ് പൊലീസ് ഭാഷ്യം. അതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
Next Article