നഴ്സുമാര്‍ക്കുവേണ്ടി സമരം ചെയ്ത നാട്ടുകാര്‍ അറസ്റ്റില്‍

തിങ്കള്‍, 20 ഓഗസ്റ്റ് 2012 (10:52 IST)
PRO
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും സമരത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ ദുരിതത്തിലായി. സമരത്തില്‍ പങ്കെടുത്ത ഒമ്പതു നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സമരത്തിന്‌ പിന്തുണ നല്‍കി നടത്തിയ പ്രകടനത്തില്‍ പങ്കെടുക്കുകയും അതോടനുബന്ധിച്ച് നടത്തിയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാട്ടുകാര്‍ അക്രമം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും തെളിവുകളും കൈവശമുണ്ടെന്ന് പൊലീസ് പറയുന്നു.

നേരത്തേ, സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ്‌ അംഗീകരിച്ചതോടെയാണ് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായത്. സമരം തീര്‍ന്നതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ആണ് അറിയിച്ചത്.

മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനുള്ള മുന്‍തീരുമാനം പ്രയോഗത്തില്‍ വരുത്താന്‍ മന്ത്രിമാരുടെ സന്നിധ്യത്തില്‍ മാനേജുമെന്‍റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ആശുപത്രി ജീവനക്കാരും രോഗികളും തമ്മിലുള്ള അനുപാതം പഠിക്കാന്‍ സമിതിയെ രൂപീകരിക്കുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു ദിവസമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ മിനിമം വേതനം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്നു നഴ്‌സുമാര്‍ ആശുപത്രിയുടെ അഞ്ചാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സമരം രൂക്ഷമായത്. സമരത്തിനൊടുവില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ ശക്തമായ ഇടപെടലോടെ സമരം ഏകദേശം ഒത്തുതീര്‍പ്പിലായി. തുടര്‍ന്ന് ഞായറാഴ്ച മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട ചര്‍ച്ചയില്‍ സമരം തീര്‍ന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക