നഴ്സിംഗ് റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാട് എന്ഫോഴ്സ്മെന്റ് അന്വേഷിക്കും. കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്‌മെന്റ് നടത്തുന്ന എറണാകുളം സൗത്തിലെ സ്ഥാപനത്തില്‍ നിന്നു മൂന്നു കോടി രൂപ പിടിച്ചെടുത്തിരുന്നു. ഈ കേസിലാണ് എന്‍ഫോഴ്സ്‌മെന്റ് അന്വേഷണം നടത്തുന്നത്.
ഇരുപത്തിയൊമ്പതു പേര്‍ ഈ സ്ഥാപനത്തില്‍ നിന്ന് നഴ്സിംഗ് ജോലിക്കായി വിദേശത്തേക്ക് പോയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതുവഴി മൂന്നുകോടി രൂപയോളം സ്ഥാപന ഉടമക്ക് ലഭിച്ചിരിക്കാമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണക്കു കൂട്ടുന്നത്.
വിദേശത്തേക്ക് നഴ്സുമാരെ അയച്ച വകയില്‍ ലഭിച്ച പണം എവിടെയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടെത്താനാണ് എന്‍ഫോഴ്സ്‌മെന്റ് നീക്കം. ഇതിനായി ആദായനികുതി വകുപ്പില്‍ നിന്നു എറണാകുളം സൗത്തില്‍ അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തെകുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു വേണ്ടി നടത്തിയ നഴ്സിംഗ് റിക്രൂട്‌മെന്റിനു ഉയര്‍ന്ന തുക ഈടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന.
1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യന്നതിന് വേണ്ട കരാറാണ് ആരോഗ്യമന്ത്രാലയം അല്‍ സറാഫാ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. കരാര്‍പ്രകാരം ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപ സര്‍വ്വീസ് ചാര്‍ജായി ഈടാക്കാന്‍ നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, ഓരോരുത്തരില്‍ നിന്നും 19.5 ലക്ഷം രൂപ വീതമാണ് ഏജന്‍സി ഈടാക്കിയത്.