നന്ദനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട...

Webdunia
വെള്ളി, 15 ഏപ്രില്‍ 2011 (17:17 IST)
PRO
പ്രശസ്ത പിന്നണിഗായിക കെ എസ്‌ ചിത്രയുടെ മകള്‍ നന്ദന(8)യുടെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ചെന്നൈ വടപളനി എവിഎം ശ്മശാനത്തിലായിരുന്നു സംസ്കാരം. രാവിലെ ഒമ്പതുമണിയോടെയാണ് ദുബായില്‍ നിന്ന് മൃതദേഹം ചെന്നൈയില്‍ എത്തിച്ചത്.

പിന്നീട് ചെന്നൈ സാലിഗ്രാമിലെ ദശരഥപുരം റോഡിലുള്ള ‘ശ്രുതി’യില്‍ പൊതുദര്‍ശനത്തിന് വച്ചു. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരാണ് നന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ശ്രീകുമാരന്‍ തമ്പി, എസ് പി ബാലസുബ്രഹ്മണ്യം, ഇളയരാജ, എസ് ജാനകി, പി സുശീല, ശരത്, രാജാമണി, സുജാത തുടങ്ങിയവര്‍ എത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് ദുബായില്‍ ചിത്രയുടെ സുഹൃത്തിന്‍റെ വില്ലയിലെ നീന്തല്‍കുളത്തില്‍ നന്ദന മുങ്ങിമരിച്ചത്. നന്ദന നീന്തല്‍കുളത്തില്‍ വീണുകിടക്കുന്നതു കണ്ട് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എ ആര്‍ റഹ്മാനൊപ്പം ഒരു സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കാനാണ് ചിത്രയും ഭര്‍ത്താവ്‌ വിജയശങ്കറും നന്ദനയും ദുബായിലെത്തിയത്.

ചിത്രയ്ക്കും വിജയശങ്കറിനും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുട്ടിയാണു നന്ദന.

ചിത്രത്തിന് കടപ്പാട് - എസ്എസ്എസ്ബിപിടി വെബ്സൈറ്റ്