നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം പീഡനം, ദിലീപ് നേരിട്ടത് നീണ്ട നാല് മാസത്തെ പീഡനം: സജി നന്ത്യാട്ട്

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (07:55 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മറ്റൊരു വിവാദ പ്രസ്താവനയുമായി നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട് രംഗത്ത്. നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്ന് സജി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ന്യൂസ് ഹൗറില്‍ പറഞ്ഞു.

നടിയുടെ കേസ് ഓരോ ദിവസവും കൂടുതല്‍ വഴിത്തിരിവുകളിലേക്കാണ് നീങ്ങുന്നത്. പ്രതി പള്‍സര്‍ സുനി നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ പരിപാടി നടത്തിയത്. സജിയുടെ ഈ സംഭാഷണത്തെ അധമമെന്ന് അവതാരകന്‍ വിനു വിശേഷിപ്പിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് നടന്റെയും സംവിധായകന്റേയും മൊഴിയെടുക്കല്‍ അര്‍ദ്ധരാത്രിയോടു കൂടി പൊലീസ് അവസാനിപ്പിച്ചു. അക്രമത്തക്കുറിച്ച് ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്ന മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കിയും ബ്ലാക്ക് മെയിലിന് ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Next Article