ദിലീപ് പറഞ്ഞത് പച്ചക്കള്ളം ! പൾസർ സുനിയുമായുള്ള ബന്ധത്തിന് കൂടുതൽ തെളിവുകള്‍...കാവ്യയും ജയിലിലേക്ക് ?

തിങ്കള്‍, 31 ജൂലൈ 2017 (10:16 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ചില നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായി സൂചന. ഈ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെതന്നെ വളരെ അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതോടെ സുനിയെ തനിക്ക് അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിഞ്ഞിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്
 
2013 മാർച്ച് മുതൽ 2014 നവംബർ വരെ ഏകദേശം പത്തോളം സിനിമകളുടെ സെറ്റില്‍ ഇരുവരും ഒന്നിച്ചുണ്ടായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2013 മുതലുള്ള ദിലീപിന്റെ സിനിമകളുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന സാക്ഷികളുടെ മൊഴിയെടുത്തപ്പോഴാണ് പൊലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ഈ കാലഘട്ടത്തില്‍ ദിലീപ് അഭിനയിച്ച ചില സിനിമകളിൽ കാവ്യയും ഉണ്ടായിരുന്നു. പൾസർ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. 
 
എന്നാല്‍ ഇരുവരുടേയും വാദങ്ങളെല്ലാം തള്ളിയാണ് ഇപ്പോള്‍ അന്വേഷണസംഘം പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കാവ്യയ്ക്ക് ഇന്നോ നാളെയോ പൊലീസ് നോട്ടീസ് നൽകുമെന്നാണ് വിവരം. 
 
ഈ മാസം 25നാണ് കാവ്യയെ, ദിലീപിന്റെ ആലുവയിലെ വസതിയിലെത്തി എ.ഡി.ജി.പി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാവ്യയുടെ അമ്മ ശ്യാമളയേയും നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനിലിനെ അറിയില്ലെന്ന കാവ്യയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക