നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയിരുന്നു. ദിലീപിനെ പുറത്താക്കിയെന്ന പ്രഖ്യാപനം മാധ്യമങ്ങളെ അറിയിച്ചത് അമ്മയിലെ വൈസ് പ്രസിഡന്റ് മമ്മൂട്ടി ആയിരുന്നു. ഇക്കാര്യത്തിൽ മമ്മൂട്ടിക്ക് തെറ്റുപറ്റിയിട്ടുണ്ടാകാമെന്ന് നടൻ കൊല്ലം തുളസി പറയുന്നു.
സ്വകാര്യ ചാനലിലെ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുറത്താക്കുകയാണെന്ന കാര്യം ദിലീപിനെ രേഖാമൂലം അറയിച്ചിട്ടില്ല, സസ്‌പെന്റ് ചെയ്തിരിക്കാം അല്ലാതെ പുറത്താക്കിയിട്ടില്ല. മമ്മുട്ടിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാമെന്നും കൊല്ലം തുളസി പറഞ്ഞു.
കഴിഞ്ഞ ദിവസം കെ ബി ഗണേഷ് കുമാര്‍ മമ്മൂട്ടിക്ക് എതിരെ ആഞ്ഞടിച്ചു രംഗത്ത് വന്നിരുന്നു. പൃഥ്വിരാജിനെ പ്രീണിപ്പെടുത്താനായിരിക്കും മമ്മൂട്ടി അങ്ങനെയൊരു തീരുമാനം എടുത്തതെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കൊല്ലം തുളസി ചാനലില്‍ ഇത്തരം കാര്യം തുറന്നടിച്ചത് ഒരു വിഭാഗം താരങ്ങളുടെ അറിവോടെയാണെന്നാണ് പറയപ്പെടുന്നത്.
വരും ദിവസങ്ങളില്‍ മമ്മൂട്ടിക്കെതിരെ നീക്കം ശക്തമാകാനാണ് സാധ്യതയെന്നാണ് സിനിമാരംഗത്ത് നിന്നും ലഭിക്കുന്ന സൂചന. ദിലീപിനെ പുറത്താക്കി നടത്തിയ പത്ര സമ്മേളനത്തില്‍ ‘ഒരാളുടെ മനസ്സിലെ ക്രിമിനല്‍ ചിന്താഗതി സ്‌ക്രീന്‍ ചെയ്ത്’ നോക്കാന്‍ പറ്റില്ലല്ലോ എന്ന് മമ്മൂട്ടി പറഞ്ഞതാണ് ദിലീപ് വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.