ദലിത്‌ ക്രൈസ്തവന് സംസ്കാര ശുശ്രൂഷ നിഷേധിച്ചു

Webdunia
വെള്ളി, 21 ജനുവരി 2011 (21:19 IST)
ദലിത്‌ ക്രൈസ്തവ യുവാവിന് മരണാനന്തര സംസ്കാര ശുശ്രൂഷകള്‍ നല്‍കാന്‍ പള്ളി വികാരി തയ്യാറാകാതിരുന്ന സംഭവം വിവാദമാകുന്നു. സംസ്കാര ശുശ്രൂഷ തടസപ്പെടുത്തി മൃതദേഹം മോര്‍ച്ചറിയില്‍ കാത്തുവച്ചത് ഒമ്പതു ദിവസം! ദളിത് സംഘടനകളും ദളിത് ക്രൈസ്തവ ഫെഡറേഷനും സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു.

കുറിയന്നൂര്‍ കോളഭാഗം ആദംകോട്ട്‌ എ ജെ മത്തായിയുടെ മകന്‍ മോനിച്ച(രാജന്‍)നാണ് മരണശേഷം നീതി നിഷേധിക്കപ്പെട്ടത്. മോനിച്ചന്‍റെ സംസ്കാര ശുശ്രൂഷയ്ക്ക്‌ മതപരമായ നേതൃത്വം നല്‍കുന്നതിന്‌ മാരാമണ്‍ സെന്‍റ് ജോസഫ്‌ കത്തോലിക്ക പള്ളി വികാരി ഫാ. അഗസ്റ്റിന്‍ തയ്യാറായില്ല എന്നാണ് ആരോപണം. സംസ്കാര ശുശ്രൂഷ നല്‍കാന്‍ പള്ളിവികാരി തയ്യാറാകാത്തതിനാല്‍ മൃതദേഹം ഒമ്പതു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടിവന്നു.

പള്ളി വികാരിക്കെതിരേ നടപടി സ്വീകരിക്കാന്‍ സഭാ നേതൃത്വം തയ്യാറാകണമെന്ന്‌ ദലിത്‌ ക്രൈസ്തവ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ(ഡിസിഎഫ്‌ഐ) ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ രൂപതാ മാര്‍ച്ച്‌ അടക്കമുള്ള സമര പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുമെന്നും സംഘടന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.

സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ സഭാനേതൃത്വം പത്ത്‌ ലക്ഷം രൂപ നഷ്ടപരിഹാരമായി മോനിച്ചന്‍റെ കുടുംബത്തിന്‌ നല്‍കണമെന്നും ഡിസിഎഫ്‌ഐ ആവശ്യപ്പെട്ടു.