തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകും

Webdunia
തിങ്കള്‍, 16 ഫെബ്രുവരി 2009 (11:13 IST)
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യപ്പെട്ടേക്കാമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്‌തിപരമായ നേട്ടങ്ങളല്ല, സര്‍ക്കാരിന്‍റെ പൊതുവായ പ്രവര്‍ത്തനമാണ്‌ വിലയിരുത്തപ്പെടുകയെന്നും നവകേരളയാത്രയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വ്യക്തമാക്കി.

ഏതു തെരഞ്ഞെടുപ്പായാലും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിനാല്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്‌ ഒരു ആശങ്കയുമില്ലെന്നും പിണറായി പറഞ്ഞു.

നവകേരളയാത്രയിലെ അംഗങ്ങളെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്‌. അവര്‍ പങ്കെടുക്കുന്നുമുണ്ട്‌. ധാരാളം പേര്‍ ജാഥയില്‍ ഇനിയും പങ്കെടുക്കാനുമുണ്ട്. വി എസ്‌ അച്യുതാനന്ദന്‍ ജാഥയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ജാഥ കഴിയുമ്പോള്‍ ചോദിച്ചാല്‍ മതിയെന്നായിരുന്നു പിണറായിയുടെ മറുപടി.

വി എസിനെ പാര്‍ട്ടിയില്‍നിന്ന്‌ വേറിട്ട് കാണാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ വി എസ്‌ പാര്‍ട്ടിക്ക്‌ അതീതനാണെന്ന്‌ സി പി എം കരുതുന്നില്ല. ആരും പാര്‍ട്ടിക്കതീതരല്ല. പിബിയില്‍ ചര്‍ച്ച ചെയ്‌തു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും പിണറായി പറഞ്ഞു.