തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ബാബുവിന് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം

Webdunia
ഞായര്‍, 28 ജൂലൈ 2013 (16:07 IST)
PRO
അങ്കമാലി ബ്ലോക്കിനു കീഴിലെ കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് സ്വദേശി പാറപ്പുറം, പുളിയേടം, പുളിങ്ങാപ്പള്ളി വീട്ടില്‍ ബാബുവിന് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 50,000 രൂപ ധനസഹായം. അന്‍വര്‍ സാദത്ത് എം.എല്‍.എ. ബാബുവിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി.

തെങ്ങ് കയറ്റത്തിലൂടെ നിര്‍ദ്ദന കുടുംബത്തിന്റെ ഉപജീവനം നടത്തിയിരുന്ന ബാബുവിന്റെ ജീവിതത്തില്‍ ദുഖത്തിന്റെ കരിനിഴല്‍ വീഴിത്തിയത് ഒന്നര വര്‍ഷം മുന്‍പായിരുന്നു. തെങ്ങിനു മുകളില്‍ നിന്ന് താഴേക്ക് വീണ ബാബുവിന് തന്റെ ശരീരത്തിനൊപ്പം കുടുംബത്തിന്റെയും ജീവിതത്തിന്റെയും നട്ടെല്ലു കൂടി തകരുകയായിരുന്നു. തെങ്ങിനു മുകളില്‍ നിന്നുള്ള വീഴ്ചയില്‍ ബാബുവിന്റെ നട്ടെല്ല് പൂര്‍ണമായും തകരുകയും ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. ശരീരം തളര്‍ന്നു. ഒപ്പം കുടുംബവും തളര്‍ന്നു. ഭാര്യയും രോഗിയാണ്.

പരിക്കും സ്വന്തമായി ഭവനമില്ലാത്തതുമാണ് ഈ കുടുംബത്തിനെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നങ്ങള്‍. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇന്ദിര ആവാസ് യോജന പദ്ധതിയിലൂടെ ബാബുവിന്റെ കുടുംബത്തിന് ഭവനം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഇപ്പോള്‍ നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം തങ്ങളുടെ കുടുംബത്തിന് ആശ്വാസം പകരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ടി.ഡി.പൗലോസ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സജി പള്ളിപ്പാടന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് കോയിക്കര, ഗീത അജിത് കുമാര്‍, ഗ്രേസി ദയാനന്ദന്‍, പ്രിയ രഘു, സെബാസ്റ്റ്യന്‍ പോള്‍, ടിജോ വര്‍ഗീസ് തുടങ്ങിയവരും എം.എല്‍.എ. അന്‍വര്‍ സാദത്തിന് ഒപ്പം ഉണ്ടായിരുന്നു.