തുറന്നടിച്ച് സിദ്ദിഖിന്റെ മുന്‍ ഭാര്യ - “വെള്ളപ്പേപ്പറില്‍ ബന്ധമവസാനിപ്പിക്കാന്‍ നാണമില്ലേ?”

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (19:11 IST)
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ്  ടി.സിദ്ദിഖിന് മറുപടിയുമായി മുന്‍ ഭാര്യ നസീമ. ഫേസ്ബുക്കിലൂടെയാണ് നസീമയുടെ പ്രതികരണം. ടീ സിദ്ദിക്കിന് എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നുവെന്നും ഉപ്പയുടെ വിവാഹത്തിന് തന്റെ കൂടെയുള്ള കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാമായിരുന്നുവെന്ന് തുടങ്ങി ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍ രൂക്ഷമായ ആരോപണങ്ങളാണു സിദ്ദിഖിനെതിരെ നസീമ ഉന്നയിച്ചിരിക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച് ഒരു മാസം കഴിയുന്നതിന് മുന്‍പ് തന്നെ എങ്ങനെയാണ്  വിവാഹം കഴിക്കാന്‍ ഒരു സ്ത്രീയെ ഇത്ര റെഡിമൈഡ് ആയി ലഭിക്കുന്നതെന്നും നസീമ ചോദിക്കുന്നു.
 
എങ്ങനെയാണ് ഈ സ്ത്രീയെ നിങ്ങള്‍ വിവാഹം കഴിക്കുന്നത് ? അവര്‍ മറ്റൊരുത്തന്റെ ഭാര്യയും , രണ്ടു പിഞ്ചുകുട്ടികളുടെ അമ്മയുമായിരുന്നില്ലേ ? അവരുടെ ഭര്‍ത്താവിനെ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ഭീഷണിപ്പെടുത്തിയല്ലേ നിങ്ങള്‍ മൊഴി ചൊല്ലിച്ചത് ? മക്കളെ നഷ്ട്ടമായ ആ മനുഷ്യന്‍ ഹൃദയം തകര്‍ന്നു നിങ്ങളെ ശപിച്ചു ജീവിക്കുന്നതിന്റെ പാപം നിങ്ങളുടെ ഖദര്‍ ഷര്‍ട്ടിന്റെ ധവളിമയില്‍ ഇല്ലാതാകുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ?- നസീമ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
 
തന്നെയും , ഉപ്പയെയും , ഉമ്മയെയും അനുസരിക്കുന്നില്ല , അതുകൊണ്ട് ഇവളെ വെള്ളപേപ്പറില്‍ ത്വലാക് എഴുതി ഉപേക്ഷിക്കുന്നു എന്ന് പന്ത്രണ്ടു വര്‍ഷക്കാലം ഒരു സ്ത്രീയുടെ കൂടെ ജീവിച്ചിട്ട് , ഒരു സുപ്രഭാതത്തില്‍ ഉളുപ്പില്ലാതെ പറയാന്‍ താങ്കള്‍ക്കു നാണമില്ലേ ? നിങ്ങള്‍ക്ക് എങ്ങനെയാണ് അങ്ങനെയെങ്കില്‍ ഈ നാട് ഭരിക്കാന്‍ സാധിക്കുകയെന്നും നസീമ ചോദിച്ചു.
 
തന്നെ വ്യക്തിപരമായി മോശക്കാരിയാക്കുന്ന രൂപത്തിലെ നിങ്ങളുടെ പോസ്റ്റുകള്‍ കാരണമാണ് ഞാന്‍ ഇത്രയെങ്കിലും പറയുന്നതെന്നും നസീമ പറഞ്ഞു. നഷ്ടപരിഹാരത്തിനായി ഇന്നാട്ടിലെ എല്ലാ നിയമങ്ങളും ഉപയോഗിച്ച് പോരാടുമെന്ന് പറഞ്ഞാണ് നസീമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
 
 
 
നസീമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.........
 
 
ശ്രീ . ടീ സിദ്ദിക്കിന് എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു . ഉപ്പയുടെ വിവാഹത്തിന് എന്റെ കൂടെയുള്ള ഈ രണ്ടു കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാമായിരുന്നു താങ്കള്‍ക്കു എന്ന് എനിക്ക് തോന്നുന്നു . മാത്രമല്ല അതിങ്ങനെ ഒളിച്ചും , പാത്തും നിക്കാഹ് ചെയ്യുകയും , മാധ്യമ ചര്ച്ചയായപ്പോള്‍ ഫോട്ടോയിട്ട് ലൈക്ക് വാങ്ങി , ആ ലൈക്കുകള്‍ തനിക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നും അഭിപ്രായമുണ്ട് .
വെള്ളപ്പേപ്പറില്‍ ഏകപക്ഷീയമായി ത്വലാക് എഴുതിയയച്ച് മാസം തികയുംബോഴേക്ക് വേറെ വിവാഹം കഴിക്കുന്നതിന്റെ നീതിയൊക്കെ അവിടെ നില്‍ക്കട്ടെ . ആദ്യം അയാള്‍ പോതുസമൂഹത്തോട്‌ മാപ്പ് പറയട്ടെ . അത് ഞാനെന്ന സ്ത്രീയോട് ചെയ്ത വന്ന്യതക്കും , ക്രൂരതക്കും വേണ്ടിയല്ല . മറിച്ച് കേരളത്തിലെ മനുഷ്യരോട് , പ്രത്യേകിച്ച് കാസര്‍കോട് ഉള്ള മനുഷ്യസ്നേഹികളോട് അയാള്‍ കാണിച്ച കാപട്യത്തിന്റെ പേരില്‍ . ക്യാന്‍സര്‍ രോഗിയായ ഭാര്യക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഹൃദയ നന്മയുള്ള ഭര്‍ത്താവ് എന്ന കാപട്യം അഭിനയിച്ചതിനു . എന്റെ അസുഖ വാര്‍ത്ത അച്ചടിച്ചുവന്ന പത്രകട്ടിങ്ങുകള്‍ പ്രവാസി സംഘടനകള്‍ക്കും , അവിടുത്തെ മനുഷ്യ സ്നേഹികള്‍ക്കും അയച്ചു കൊടുത്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് . ചാനല്‍ സ്ടുടിയോകളില്‍ കയറി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന മുഖം മൂടിയണിഞ്ഞു ഇന്നാട്ടിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിന് .മനുഷ്യരെ വിഡ്ഢികളാക്കിയതിന് .
എങ്ങനെയാണ് ശ്രീ . സിദ്ദിക്ക് ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിനു മുന്പ് നിങ്ങള്ക്ക് വിവാഹം കഴിക്കാന്‍ ഒരു സ്ത്രീയെ ഇത്ര റെഡിമൈഡ് ആയി ലഭിക്കുന്നത് . താങ്കള്‍ക്കു ആ സ്ത്രീയുമായി യാതൊരു ബന്ധവും മുന്പ് ഉണ്ടായിരുന്നില്ലേ ?താഴെ കൊടുത്ത ഫോടോ (ജനുവരി 12 ന് നിങ്ങളുടെ പുതിയ ഭാര്യയിട്ട പോസ്റ്റ്‌ ) നിങ്ങള്‍ അവരോടൊപ്പം ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതല്ലേ . ഭാവിയില്‍ ഇവളെ വിവാഹം കഴിച്ചേക്കാം എന്ന യാതൊരുവിധ ധാരണപോലുമില്ലാതെ അപരിചിതയായ ഒരു സ്ത്രീയുമായാണോ താങ്കള്‍ ഭക്ഷണം പങ്കിടുന്നത് ? അല്ലല്ലോ , എന്നുവച്ചാല്‍ ഈ സമയത്ത് താങ്കള്‍ക്കു "മൊഴി ചൊല്ലാത്ത" ഭാര്യയും , താങ്കള്‍ സംരക്ഷിക്കാത്ത മക്കളും വീട്ടിലുണ്ടായിരുന്നു എന്നര്‍ത്ഥം . എന്ന് വച്ചാല്‍ എന്നെ ത്വലാക് ചൊല്ലുന്നതിനു മുന്‍പും താങ്കള്‍ക്കു പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ സാധാരണ മനുഷ്യര്‍ വിശ്വസിക്കുക സിദ്ധീക്ക് ?!
എങ്ങനെയാണ് ഈ സ്ത്രീയെ നിങ്ങള്‍ വിവാഹം കഴിക്കുന്നത് ? അവര്‍ മറ്റൊരുത്തന്റെ ഭാര്യയും , രണ്ടു പിഞ്ചുകുട്ടികളുടെ അമ്മയുമായിരുന്നില്ലേ ? അവരുടെ ഭര്‍ത്താവിനെ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ഭീഷണിപ്പെടുത്തിയല്ലേ നിങ്ങള്‍ മൊഴി ചൊല്ലിച്ചത് ? മക്കളെ നഷ്ട്ടമായ ആ മനുഷ്യന്‍ ഹൃദയം തകര്‍ന്നു നിങ്ങളെ ശപിച്ചു ജീവിക്കുന്നതിന്റെ പാപം നിങ്ങളുടെ ഖദര്‍ ഷര്‍ട്ടിന്റെ ധവളിമയില്‍ ഇല്ലാതാകുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ?
താങ്കളെയും എന്നെയും മക്കളെപ്പോലെ കാണുന്ന, നമ്മുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ച കോഴിക്കോട് ജില്ലയിലെ ഏറ്റവും സീനിയര്‍ അഭിഭാഷകനായ ശ്രീ . ഭാസ്കരന്‍ നായര്‍ സാറിനു എന്റെ മൂന്നു കോടി ചോദിച്ചുള്ള ഭീഷണി നിവര്ത്തിച്ചുതരാന്‍ താങ്കള്‍ക്കിടയിലെ ഇടനിലക്കാരന്‍ ആകലാണ് പണി എന്ന് പറഞ്ഞാല്‍ , കള്ളം മാത്രം പറഞ്ഞു ശീലമുള്ള താങ്കളെ ഈ നാട്ടിലെ മനുഷ്യര്‍ വിശ്വസിക്കുമോ ? എന്‍ . ഭാസ്കരന്‍ നായര്‍ സാറിനു സിദ്ധീക്കിന്റെ മുന്‍ഭാര്യയുടെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു കളയും എന്ന ഭീഷണി നടപ്പിലാക്കലാണ് ജോലി എന്ന് പറഞ്ഞാല്‍ അദ്ധേഹത്തെ അറിയുന്ന ആരാണ് വിശ്വസിക്കുക ?
എന്നെയും , ഉപ്പയെയും , ഉമ്മയെയും അനുസരിക്കുന്നില്ല , അതുകൊണ്ട് ഇവളെ വെള്ളപ്പെപ്പരില്‍ ത്വലാക് എഴുതി ഉപേക്ഷിക്കുന്നു എന്ന് പന്ത്രണ്ടു വര്‍ഷക്കാലം ഒരു സ്ത്രീയുടെ കൂടെ ജീവിച്ചിട്ട് , ഒരു സുപ്രഭാതത്തില്‍ ഉളുപ്പില്ലാതെ പറയാന്‍ താങ്കള്‍ക്കു നാണമില്ലേ ? നിങ്ങള്ക്ക് എങ്ങനെയാണ് അങ്ങനെയെങ്കില്‍ ഈ നാട് ഭരിക്കാന്‍ സാധിക്കുക ? സ്വന്തം വീട് കൊണ്ട് നടക്കാന്‍ കഴിയാത്ത ഒരുത്തനായിരുന്നു ഞാന്‍ എന്ന് താങ്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്ന ഈ ഘട്ടത്തില്‍ ചോദിച്ചു പോകുന്നതാണ് . പന്ത്രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം "അനുസരണക്കേട്‌ " എന്ന കാരണം കാണിച്ചു അവസാനിപ്പിക്കുന്നതിലെ പരിഹാസ്യതയോന്നും താങ്കളുടെ സുഹൃത്തുക്കള്‍ ആരും ചൂണ്ടിക്കാണിച്ചില്ലേ ? നല്ല സൌഹൃദങ്ങളില്‍ താങ്കള്‍ ദാരിദ്രനെന്നു എനിക്കുമറിയാം , എങ്കിലും ..!
ഭാര്യയുടെ ചികിത്സക്കായി താങ്കള്‍ പണത്തിനായി ഓടി നടക്കുകയും , ഭാര്യ അസുഖം പറഞ്ഞു മനുഷ്യരില്‍ നിന്ന് പണം തട്ടിയെടുത്തു സമ്പത്ത് വാങ്ങികൂട്ടുകയും ചെയ്തപ്പോള്‍ മൂക സാക്ഷിയായി നിന്ന നിഷ്കളങ്കന്‍ ആയിരുന്നോ സിദ്ദീക്ക് താങ്കള്‍ ?! ഇതൊക്കെ ആരാണ് വിശ്വസിക്കാന്‍ പോകുന്നത് എന്നാണു താങ്കള്‍ കരുതുന്നത് ?
നിങ്ങളുടെ വീട്ടിലെ സഹോദരിയുടെയും , ഉമ്മയുടെയും പീഡനം സഹിക്കാതെയല്ലേ എന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് , മേരിക്കുന്നിലേക്ക് താമസം മാറിയത് . പരസ്ത്രീ ബന്ധത്തിന്റെ പുറകെ പോയ, ഒരു വര്‍ഷമായി വീട്ടിലേക്ക് കണ്ണുകൊണ്ട് പോലും നോക്കാത്ത താങ്കള്‍ എന്നെയും മക്കളെയും അന്വേഷിക്കുകയെങ്കിലും ചെയ്തോ ? ഭക്ഷണം കഴിച്ചു ജീവിക്കുന്നോ എന്നെങ്കിലും ?! പിഞ്ചു ബാലന്മാരായ ഈ കുട്ടികള്‍ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ നിങ്ങള്‍ തിരിഞ്ഞു നോക്കാത്തത് ? ജന്മദിനത്തിനെങ്കിലും ഒന്ന് ഫോണ്‍ വിളിക്കുക പോലും ചെയ്യാത്തത് ?! നിങ്ങളുടെ മാതാപിതാക്കളോ , സഹോദരങ്ങളോ പോലും എന്നെയും മക്കളെയും ഒരു മിനിറ്റ് നീളുന്ന ഒരു ഫോണ്‍ സംഭാഷണം കൊണ്ടെങ്കിലും അന്വേഷിച്ചോ ? നിങ്ങള്‍ ആരോപിക്കുന്ന എന്റെ "തെറ്റുകള്‍" കുട്ടികളെ എങ്ങനെയാണ് ബാധിക്കുക ? ഇതിനൊക്കെ നിങ്ങള്ക്ക് വല്ല ഉത്തരവും ഉണ്ടോ ?
നിങ്ങള്‍ പണം കൊടുത്തും , പ്രലോഭിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യാനും ലൈക് ചെയ്യാനും ഏര്‍പ്പാടാക്കിയ രാഷ്ട്രീയ ഗുണ്ടകള്‍ അല്ലാതെ ആരുണ്ട് നിങ്ങളുടെ കൂടെ ?! ബഹുമാന്യരായ ഉമ്മന്‍ ചാണ്ടി , രമേശ്‌ ചെന്നിത്തല , വീ എം സുധീരന്‍, ഷാനി മോള്‍ ഉസമാന്‍ , ബെന്നി ബഹനാന്‍ തുടങ്ങി താങ്കളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ള സകല മനുഷ്യരുടെയും കാലു പിടിച്ചു ഈ പ്രശ്നം അവസാനിപ്പിച്ചു ജീവിതം തിരികെപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചത് താങ്കള്‍ക്കു അറിയില്ലേ ?
പന്ത്രണ്ടു കൊല്ലം കൂടെ ജീവിച്ച ഒരുവളെ പെരുവഴിയിലാക്കി , മക്കളെപ്പോലും തിരിഞ്ഞു നോക്കാതെ വേരെയൊരു സ്ത്രീയെ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിക്കാന്‍ സാധിക്കുന്ന താങ്കള്‍ക്കു എന്ത് ക്രൂരതയാണ് സാധിക്കാത്തത് ? ഒരു വെള്ളപ്പേപ്പറില്‍ മിനിറ്റുകള്‍കൊണ്ട് ബന്ധം അവസാനിപ്പിക്കുന്നതിലെ നീതിബോധമാണ് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ..!
എന്നെ വ്യക്തിപരമായി മോശക്കാരിയാക്കുന്ന രൂപത്തിലെ നിങ്ങളുടെ പോസ്റ്റുകള്‍ കാരണമാണ് ഞാന്‍ ഇത്രയെങ്കിലും പറയുന്നത് . മുഴുവന്‍ പറഞ്ഞാല്‍ താങ്കളുടെ സ്ഥിതിയെന്താകുമെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ ? താങ്കളുടെ ദാരിദ്ര്യം വല്ലാതെ പറയരുത് . മുഴുവന്‍ ബിനാമികളും അവരുടെ പണി നിര്‍ത്തി പോകും , അതിനു പ്രേരിപ്പിക്കരുത് ..! ഒരു ശമ്പളവുമില്ലാതെ , "മറ്റു വരുമാനമില്ലാതെ" താങ്കള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് പറയാമോ ? വിദേശ യാത്രകളുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താമോ ? നിങ്ങളുടെ സാമ്പത്തിക ആസ്തി സുതാര്യമായി പറയാമോ ? ധൈര്യമുണ്ടോ ? കവല പ്രസംഗം ചെയ്യുമ്പോഴുള്ള "കയ്യടി ഡയലോഗുകള്‍" അല്ല ഉദേശിച്ചത് .
എന്തായാലും ഫൈസ്ബുക്ക് ഉള്‍പ്പടെയുള്ള ഒരു മാധ്യമത്തിലേക്കും ഈ വിഷയം , മനുഷ്യ ജീവിതത്തിന്റെ സ്വകാര്യത, വലിച്ചിഴക്കാന്‍ ഞാനില്ല . ഒരക്ഷരമെങ്കിലും എഴുതാനും പറയാനുമില്ല . ഈ പോസ്റ്റ്‌ പോലും താങ്കളുടെ പ്രകോപനമാണ് . എന്നെയും മക്കളെയും ന്യായമായി നഷ്ട്ടപരിഹാരം തന്നു settle ചെയ്യണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട് . അതുകൊണ്ട് തന്നെ ക്യാന്‍സര്‍ രോഗം വന്നു ശയ്യാവലംബിയായ എന്നെയും , സ്കൂള്‍ വിദ്യാര്തികലായ രണ്ടു ബാലന്മാരെയും , താങ്കളെതന്നെയും കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കരുത് . മാധ്യമങ്ങള്‍ക്ക് വിരുന്നോരുക്കരുത് ; ഇതൊരു അപേക്ഷ മാത്രമാണ് . മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങിയ സിദ്ദിക്കിനെ ഞാന്‍ ഇനി ഒരു തേങ്ങല്‍ ശബ്ദം കൊണ്ട് പോലും ശല്ല്യം ചെയ്യാനില്ല . ഈ കുടുംബ പ്രശ്നത്തില്‍ ഞാനിനി മാധ്യമങ്ങളിലെക്കില്ല .. എനിക്കാരുടെയും സഹതാപവും ആവശ്യമില്ല . ജീവിച്ചു കാണിച്ചു തരാം , ഞാനും എന്റെ മക്കളും . ഈ വഴിയില്‍ ശല്യമായി വരാഞ്ഞാല്‍ മാത്രം മതി .
പ്രിയ മാധ്യമ സുഹൃത്തുക്കളെ ,
എന്റെ കുടുംബ ജീവിതം ഒരു മാധ്യമത്തിലും ചര്‍ച്ചയാക്കാന്‍ എനിക്ക് ആഗ്രഹവും താല്‍പ്പര്യവുമില്ല . അതിനായി ആരും എന്നെ വിളിക്കുകയും , കാണാന്‍ ശ്രമിക്കുകയും ചെയ്യരുത് . ഇന്നാട്ടിലെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട് . പന്ത്രണ്ടു വര്‍ഷം ഉപയോഗിച്ചതിനു ശേഷം പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ക്ക് ഇന്നാട്ടിലെ നിയമമനുസരിച്ച് ലഭിക്കേണ്ട എല്ലാ നഷ്ട്ടപരിഹാരത്തിനും ഞാന്‍ ഏതറ്റം വരെയും പോരാടും . എന്റെ മക്കള്‍ക്ക്‌ കിട്ടേണ്ട ജീവിത സുരക്ഷിതത്വത്തിന് വേണ്ടിയും .