തീയിട്ടവര്‍ അറസ്റ്റില്‍, മമ്പാട്ടില്‍ സംഘര്‍ഷം

Webdunia
വ്യാഴം, 14 ജനുവരി 2010 (12:58 IST)
നിലമ്പൂരിനടുത്ത് മമ്പാട്ടില്‍ ആര്‍ കെ ലാറ്റക്‌സ് ഫാക്‌ടറിക്കു മുമ്പില്‍ സമരപ്പന്തല്‍ കെട്ടിയ തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചതില്‍ പ്രതിഷേധിച്ച് ഫാക്‌ടറിക്ക് തീവെച്ചവരെ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് മമ്പാടില്‍ വീണ്ടും സംഘര്‍ഷം. മമ്പാട്ടില്‍ വ്യാഴാഴ്ച നാട്ടുകാര്‍ റോഡ് ഉപരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്തെ കടകള്‍ അടച്ച് ഹര്‍ത്താലും ആചരിക്കുന്നു.

ഫാക്‌ടറി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് അബ്‌ദുള്‍ കരീം, മുജീബ്, കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്തവരെ പൊലീസ് മര്‍ദ്ദിച്ചവെന്നാരോപിച്ചാണ് മമ്പാട്ട്, കോഴിക്കോട്- ഊട്ടി റോഡ് നാട്ടുകാര്‍ ഉപരോധിക്കുന്നത്.

ചാലിയാര്‍ പുഴയുടെ തീരത്താണ് ആര്‍ കെ ലാറ്റക്‌സ് കമ്പനി സ്ഥിതി ചെയ്യുന്നത്. കമ്പനിയിലെ മാലിന്യം ചാലിയാര്‍ പുഴയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധം കുറേക്കാലമായി ഇവിടെ നിലനിന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ന് സമരപ്പന്തല്‍ കെട്ടാന്‍ നാട്ടുകാര്‍ എത്തിയത്.

സമരപ്പന്തല്‍ കെട്ടിയ തൊഴിലാളികള്‍ക്കു നേരെ ചിലര്‍ വെടിവയ്ക്കുകയായിരുന്നു. ഫാക്‌ടറി ഉടമകള്‍ വാടകയ്ക്കെടുത്ത ഗുണ്ടകളാണ് വെടിവച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഒരു തൊഴിലാളിക്ക് വെടിയേല്ക്കുകയും മറ്റൊരു തൊഴിലാളിക്ക് വെട്ടേല്ക്കുകയും ചെയ്തിരുന്നു. പനോലന്‍ ബഷീറിനാണ് വെടിയേറ്റത്. ഇയാളുടെ തുടയ്‌ക്കാണ് വെടിയേറ്റത്.