തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണം

Webdunia
വെള്ളി, 13 ഫെബ്രുവരി 2009 (10:58 IST)
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിലുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ എല്‍ ഡി എഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ തിരുവനന്തപുരം ജില്ലയില്‍ തുടങ്ങി. ഇരുചക്രവാഹനങ്ങളൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

എന്നാല്‍ ഹൈക്കോടതി ബഞ്ച് അനുവദിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടു മൂലമാണെന്ന് ആരോപിച്ച് യു ഡി എഫ് ഇന്ന് വഞ്ചനാദിനവും ആചരിക്കുന്നുണ്ട്.

ബഞ്ച്‌ അനുവദിക്കുന്ന കാര്യത്തില്‍ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും ഇനി തീരുമാനം എടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണെന്നുമാണ് എല്‍ ഡി എഫ് നേതൃത്വം പറയുന്നത്.

ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് തലസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നുണ്ട്. ഹര്‍ത്താലിന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൈക്കോടതി ബഞ്ചിന്‍റെ കാര്യത്തില്‍ ഇടത് - വലത് സര്‍ക്കാരുകള്‍ കബളിപ്പിക്കല്‍ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നാരോപിച്ച് ഇന്ന് തലസ്ഥാനത്ത്‌ ബി ജെ പി പ്രതിഷേധ മാര്‍ച്ച്‌ നടത്തും.

ഹൈക്കോടതി ബഞ്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന അഭിഭാഷകര്‍ക്കും സംഘടനകള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച്‌ പൗരസമിതി കോ - ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഉപവാസവും നടക്കുന്നുണ്ട്.