മലയാള സിനിമയില്‍ ഒട്ടേറെ വന്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച തിരക്കഥാകൃത്ത് ടി ദാമോദരന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 9.45ന് അഴകൊടിക്ഷേത്രത്തിന് സമീപമുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.
1935 ലാണ് ടി ദാമോദരന്‍ ജനിച്ചത്. കോഴിക്കോട് നാടകസംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു. സംവിധായകന്‍ ഹരിഹരന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ടി ദാമോദരന്‍റെ സിനിമാപ്രവേശം. ലൌ മാര്യേജ് ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ തിരക്കഥ.
ഇന്ത്യന്‍ സിനിമയില്‍ തന്നെ പൊളിറ്റിക്കല്‍ സിനിമ എന്ന ഒരു ജോണറിന് തുടക്കം കുറിച്ച രചയിതാവായിരുന്നു ടി ദാമോദരന്‍. പിന്നീട് ഐ വി ശശി - ടി ദാമോദരന്‍ ടീം മലയാള സിനിമയില്‍ വന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ച് തരംഗമായി.
ജയന്‍ നായകനായ അങ്ങാടിയായിരുന്നു ടി ദാമോദരന്‍റെ ആദ്യത്തെ മെഗാഹിറ്റ്. മണിരത്നത്തിന്‍റെ മലയാള ചിത്രം ഉണരൂ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചതും അദ്ദേഹമായിരുന്നു. ഈ നാട്, ഇനിയെങ്കിലും, വാര്‍ത്ത, ആര്യന്‍, അടിമകള്‍ ഉടമകള്‍, അഭിമന്യു, കാലാപാനി, മഹാത്മ, ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം, അദ്വൈതം തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ ടി ദാമോദരന്‍റെ തൂലികയില്‍ നിന്ന് പിറന്നു.
വി എം വിനു സംവിധാനം ചെയ്ത യെസ് യുവര്‍ ഓണര്‍ ആയിരുന്നു ടി ദാമോദരന്‍റെ അവസാന തിരക്കഥ. ഏഴാം കടലിനക്കരെ, അങ്ങാടി, മീന്‍, കരിമ്പന, കാന്തവലയം, അഹിംസ, തടാകം, തുഷാരം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഈ നാട്, ഇന്നല്ലെങ്കില്‍ നാളെ, നാണയം, ഇനിയെങ്കിലും, അമേരിക്ക അമേരിക്ക, കാറ്റത്തെ കിളിക്കൂട്, ഉണരൂ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അങ്ങാടിക്കപ്പുറത്ത്, വാര്‍ത്ത, ആവനാഴി, അടിവേരുകള്‍, അടിമകള്‍ ഉടമകള്‍, വ്രതം, ഇത്രയും കാലം, നാല്‍ക്കവല, അബ്കാരി, 1921, ആര്യന്‍, അര്‍ഹത, ആനവാല്‍ മോതിരം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അഭിമന്യു, അദ്വൈതം, ജാക്പോട്ട്, ജനം, ദി സിറ്റി, കാട്ടിലെ തടി തേവരുടെ ആന, കാലാപാനി, മേഘം, മഹാത്മ, ശ്രദ്ധ, ബല്‍റാം വേഴ്സസ് താരാദാസ്, യെസ് യുവര്‍ ഓണര്‍ എന്നിവയാണ് ടി ദാമോദരന്‍ രചന നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍.
രഞ്ജിത്തിന്‍റെ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന സിനിമയില്‍ ഉള്‍പ്പടെ കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ പുഷ്പ ഒരു വര്‍ഷം മുമ്പ് മരിച്ചു. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ മകളാണ്. സിന(കോഴിക്കോട് വിദ്യാകേന്ദ്ര), അഡ്വ. രശ്മി (ഹൈക്കോടതി) എന്നിവരാണ് മറ്റ് മക്കള്‍. ചിത്രഭൂമി അസി.എഡിറ്റര്‍ പ്രേംചന്ദ് മരുമകനാണ്. അഡ്വ. രാജീവ് ലക്ഷ്മണ്‍, മോഹന്‍ എന്നിവരാണ് മറ്റ് മരുമക്കള്‍.