താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് അക്രമത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ആസൂത്രിതമായ അക്രമമാണ് നടന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വനം വകുപ്പിന് ഒരു ബന്ധവുമില്ല. എന്നിട്ടും വനപാലകരെ ആക്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വനം ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ അവസരമൊരുക്കണം. കൃത്യനിര്‍വഹണത്തിനിടെ ജീവനക്കാരെ ആക്രമിച്ചാല്‍ സിആര്‍പിസി അനുസരിച്ച് കേസെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ മത, രാഷ്ട്രീയ ഇടപെടലുള്ളതിനാല്‍ പൊലീസിന് സത്യസന്ധമായി അന്വേഷിക്കാനാകില്ല. അക്രമത്തില്‍ റേഞ്ച് ഓഫീസ് പൂര്‍ണമായും തകര്‍ന്നു. ജീരകപ്പാറ വനംമുറി ഉള്‍പ്പെടെയുള്ള കേസുകളുടെ ഫയലുകള്‍ കത്തിച്ചതില്‍പ്പെടും. ഇനി അടുത്തകാലത്തൊന്നും ഓഫീസിന്റെ പ്രവര്‍ത്തനം സാധ്യമല്ല. സംസ്ഥാനത്ത് ആദ്യത്തെ സംഭവമാണിതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു