തരൂര്‍ എന്ന നാടിന് മഹത്തായ പാരമ്പര്യമുണ്ടെന്നും എന്നാല്‍ കെപി കേശവമേനോന്‍ തുടങ്ങിയ മഹാരഥന്മാരുടെ ജന്മനാടായ തരൂര്‍ ഇപ്പോള്‍ അറിയപ്പെടുന്നത് കോമാളിയായ ശശി തരൂരിന്റെ പേരിലാണെന്നും സുകുമാര്‍ അഴീക്കോട്. താരസംഘടനകള്‍ നടന്‍ തിലകന് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ക്കെതിരെ വാളെടുത്ത അഴീക്കോട് കുറച്ചുദിവസങ്ങളായി നിശബ്ദനായിരുന്നു. ഐപിഎല്‍ വിവാദത്തില്‍ ശശി തരൂരിനെതിരെ വിമര്‍ശിച്ചുകൊണ്ട് അഴീക്കോട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ "ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം, ചോര നമുക്കു ഞരമ്പുകളില്‍" എന്ന വള്ളത്തോളിന്റെ വരികള്‍ ശശി തരൂര്‍ ഉദ്ധരിക്കുകയുണ്ടായി. ഇതാണ് സുകുമാര്‍ അഴീക്കോടിനെ പ്രകോപിപ്പിച്ചത്. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചശേഷമുള്ള ആദ്യപ്രസംഗത്തിലായിരുന്നു ശശി തരൂര്‍ ഈ വരികള്‍ ഉദ്ധരിച്ചത്.
“കോടികളുടെ ഐപിഎല്‍ അഴിമതിയില്‍പ്പെട്ട ശശി തരൂരിന് ദേശഭക്തി തുടിക്കുന്ന വള്ളത്തോളിന്റെ വരികള്‍ ചൊല്ലാന്‍ ഒരു അര്‍ഹതയുമില്ല. അഴിമതിയില്‍പ്പെട്ട് മന്ത്രിസ്ഥാനം പോയ ഒരാള്‍ ഈ വരികള്‍ ചൊല്ലിയത് മലയാളികള്‍ക്കു മുഴുവന്‍ അപമാനകരമാണ്.”
“തരൂരിന് വള്ളത്തോള്‍കവിതയുടെ അര്‍ഥമറിയില്ല. ഇയാളുടെ വാക്കും പേനയും പ്രശ്നമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. തരൂര്‍ എന്ന നാട് മഹാനായ കെ പി കേശവമേനോന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് കോമാളിയായ ഒരാളുടെ പേരില്‍ അറിയപ്പെടാനിടയാകുന്നത് നാടിന്റെ ദുര്‍ഗതിയാണ്” - അഴീക്കോട് ആഞ്ഞടിച്ചു.