പാലക്കാട് സബ് ജയിലില്‍ നിന്ന് തടവുചാടിയ പ്രതി പുറത്തുപോകാനാവാതെ ജയില്‍ വളപ്പില്‍ കുടുങ്ങി. ചിറ്റൂര്‍ കന്നിമാരി സ്വദേശി ശക്തിവേല്‍(31) ആണ് തിങ്കളാഴ്ച രാവിലെ ആറ് മണിയോടുകൂടി സെല്ലില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ സെല്ലില്‍ നിന്ന് പുറത്തു ചാടിയെങ്കിലും ജയില്‍ വളപ്പില്‍ നിന്ന് പുറത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല.
ജയിലിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യാന്‍ ശക്തിവേലിനെ രാവിലെ സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു. ഈ സമയത്ത് ജയില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജയില്‍ വളപ്പില്‍ നിന്ന് പുറത്തുപോകാനാവാതെ ഇയാള്‍ ജയില്‍ അധികൃതരുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ ജയില്‍ വളപ്പിലെ പച്ചക്കറിത്തോട്ടത്തിനിടയില്‍ നിന്ന് കണ്ടെത്തിയത്.
ചിറ്റൂരിലെ ഒരു കട കത്തിച്ച കേസിലെ പ്രതിയാണ് ശക്തിവേല്‍. ഇയാളെ ജാമ്യത്തിലെടുക്കാന്‍ ആരും വരാത്തതിനെത്തുടര്‍ന്നാണ് ജയിലിലടച്ചത്. ചിറ്റൂര്‍ സബ് ജയിലില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് ഇയാളെ പാലക്കാട്ടേക്ക് കൊണ്ടുവന്നത്.