ഡ്രിങ്ക് ആന്‍ഡ് ഡ്രൈവ്; പൊലീസ് കേസെടുക്കരുത്

Webdunia
വ്യാഴം, 31 മാര്‍ച്ച് 2011 (16:59 IST)
PRO
PRO
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസിന്റെ പിടിയില്‍ പെട്ടവര്‍ക്കറിയാം അനുഭവിക്കേണ്ടത് എന്തൊക്കെയാണെന്ന്. പൈസയ്ക്ക് ഡിമാന്‍ഡുള്ള മാസാവസാനം ആണെങ്കില്‍ പലപ്പോഴും ആദ്യം ‘നെഗോഷിയേഷന്‍’ ആണ് നടക്കുക. പകരം ‘കേസ് കൌണ്ട്’ തികയ്ക്കേണ്ട സമയമാണെങ്കില്‍ ആദ്യം സ്റ്റേഷനിലേക്ക്. അവിടെ നിന്ന് കേസ് രജിസ്റ്റര്‍ ചെതതിന് ശേഷം വൈദ്യപരിശോധനയ്ക്കായി സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക്. തുടര്‍ന്ന് ഏറെ നൂലാമാലകളും. എന്നാലിപ്പോള്‍ ഹൈക്കോടതി പറയുന്നത് മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ ആകില്ലെന്നാണ്.

കോഴിക്കോട്‌ ചെറുവാടി സ്വദേശി പികെ മെഹബൂബിനെതിരെ, മദ്യപിച്ചു വാഹനമോടിച്ചതിനു കോഴിക്കോട്‌ സിറ്റി ട്രാഫിക്‌ പൊലീസ്‌ റജിസ്റ്റര്‍ ചെയ്‌ത കേസ്‌ റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ്‌ തോമസ്‌ പി ജോസഫ് ഇങ്ങിനെ ഉത്തരവിട്ടത്. ട്രാഫിക്‌ പോലിസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ കുണ്ടമംഗലം മജിസ്ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസും കുറ്റപത്രവും റദ്ദാക്കമെന്ന് ആവശ്യപ്പെട്ടായിരുന്നു മെഹബൂബിന്റെ ഹര്‍ജി.

കുറ്റപത്രം ട്രാഫിക്‌ പോലിസിനു മടക്കി നല്‍കാനും തുടര്‍ന്നു മജിസ്ട്രേറ്റിന്റെ അനുമതിയോടെ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കസ്റ്റഡിയിലെടുത്താല്‍ മെഡിക്കല്‍ പരിശോധന നടത്തി രണ്ടു മണിക്കൂറിനുള്ളില്‍ രക്തം പരിശോധിച്ചു വിട്ടയക്കണമെന്നാണ്‌ വ്യവസ്ഥയെന്നും കോടതി സൂചിപ്പിച്ചു. വാറന്റില്ലാതെ അറസ്റ്റ്‌ ചെയ്യാവുന്ന കുറ്റകൃത്യങ്ങളുടെ ഗണത്തില്‍പെടുന്നതല്ല ഈ കുറ്റങ്ങളെന്നു കോടതി വ്യക്‌തമാക്കി.

ഈ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കേസ്‌ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 155 (2) വകുപ്പനുസരിച്ച്‌ മജിസ്ട്രേട്ടിന്റെ ഉത്തരവു തേടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മോട്ടോര്‍ വാഹനനിയമത്തിന്റെ ലംഘനത്തിന്‌ പരമാവധി ലഭിക്കാവുന്ന ശിക്ഷ മൂന്നുവര്‍ഷത്തില്‍ താഴെയായതിനാല്‍ പോലീസിനു നേരിട്ടു കേസെടുക്കാന്‍ ആകില്ലെന്നാണ് കോടതിയുടെ വിധി.