ഡോ. കെ എന്‍ രാജ് അന്തരിച്ചു

Webdunia
ബുധന്‍, 10 ഫെബ്രുവരി 2010 (17:16 IST)
പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ എന്‍ രാജ് (85) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരം കുമാരപുരത്തെ വസതിയിലേക്ക് പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം നാളെ തൈക്കാട് വൈദ്യുതി ശ്മശാ‍നത്തില്‍ നടക്കും.

ഇന്ത്യന്‍ ആസൂത്രണത്തിന്റെ ആരംഭം മുതല്‍ സി ഡി എസ്സിന്റെ രൂപീകരണം വരെ നീളുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ആവേശകരമായ ചരിത്രം കൂടിയാണ് കെ എന്‍ രാജിന്‍റെ മരണത്തോടെ ചരിത്രത്തിലേക്ക് വിടവാങ്ങുന്നത്.

1924 മേയ്‌ 13ന്‌ കോഴിക്കോട്‌ എരഞ്ഞിപ്പലത്തു മുന്‍സിഫ്‌ ആയിരുന്ന ഗോപാലന്റെയും കാര്‍ത്ത്യായനിയുടെയും മകനായി രാജ്‌ ജനിച്ചു. 1944ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന് ബി എ ഓണേഴ്സ്‌ ബിരുദം നേടിയ രാജ് 1947ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സില്‍ നിന്ന്‌ പി എച്ച്‌ ഡിയും സ്വന്തമാക്കി. പിന്നീട് ഹൃസ്വകാലം കൊളംബോയില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കിയ രാജ് റിസര്‍വ്‌ ബാങ്ക് ഉദ്യോഗസ്ഥനായി രാജ്യത്ത് തിരിച്ചെത്തി.

ദേശ്മുഖ്‌ ധനകാര്യ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവായി. 1950ല്‍ ഒന്നാം ധനകാര്യ കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ സാമ്പത്തിക വിഭാഗത്തിലെ മൂന്നുപേരില്‍ ഒരാളായി. ആസൂത്രണ കമ്മീഷനില്‍ മൂന്നു കൊല്ലം സേവനമനുഷ്ഠിച്ച രാജ് പിന്നീട് ഡല്‍ഹി യൂണിവേഴ്സിററിയില്‍ അദ്ധ്യാപകനായി. 1969ല്‍ യൂണിവേഴ്സിററി വൈസ്ചാന്‍സലറായി. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം. 1971ല്‍ കേരളത്തിലെത്തിയ രാജ് സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ്‌ സ്റ്റഡീസിന് (സി ഡി എസ്) രൂപം നല്‍കി.

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്ന കെ എന്‍ രാജാണ് ആദ്യ പഞ്ചവത്സര പദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത്. 2000ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. മുപ്പത്തിയഞ്ചോളം പ്രബന്ധങ്ങളും അരഡസനിലേറെ പുസ്‌തകളും രാജ് രചിച്ചിട്ടുണ്ട്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായിരുന്ന സരസ്വതിയാണു ഭാര്യ. രണ്ടു മക്കള്‍: ഗോപാല്‍, ദിനേശ്‌.