ഡോക്ടര്‍മാരുടെ സമരം; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചു

Webdunia
വ്യാഴം, 16 ജനുവരി 2014 (11:58 IST)
PRO
ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുകയാണ് ഡോക്ടര്‍മാര്‍.

ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതിനെതിരെയാണ് ഡോക്ടര്‍മാരുടെ സമരം. ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത വിധമായിരിക്കും സമരമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും സമരത്തിനായി തിരുവനന്തപുരത്തെത്തുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതോടെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒ.പി. പ്രവര്‍ത്തനം മുടങ്ങി. അശാസ്ത്രീയമായ പുതിയ ഷിഫ്റ്റ് പരിഷ്‌കാരം ജനുവരി 26നകം പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.