ഡിഫിയ്ക്ക് അധികാരമുള്ളതിന്‍റെ അഹങ്കാരം: സക്കറിയ

Webdunia
ഞായര്‍, 10 ജനുവരി 2010 (11:49 IST)
PRO
അധികാരം കൈയ്യിലുള്ളതിന്‍റെ അഹങ്കാരമാണ് തനിക് നേരെയുള്ള ആക്രമണത്തിലൂടെ ഡി വൈ എഫ് ഐ പ്രകടിപ്പിച്ചതെന്ന് എഴുത്തുകാരന്‍ സക്കറിയ. അല്‍പം പോലും വിമര്‍ശനം ഉള്‍ക്കൊളളാന്‍ കഴിയില്ല എന്ന അപകടകരമായ അവസ്ഥയിലേക്ക്‌ ഡിവൈഎഫ്‌ഐ മാറിയെന്നും സക്കറിയ തിരുവനന്തപുരത്ത് പറഞ്ഞു.

താന്‍ പയ്യന്നൂരില്‍ പറഞ്ഞത്‌ എന്താണെന്ന്‌ ഉള്‍ക്കൊള്ളാന്‍ ഡിവൈഎഫ്‌ഐയ്ക്ക്‌ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ നിയന്ത്രിക്കുന്നവര്‍ക്ക്‌ ഡിവൈഎഫ്‌ഐ യെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും സക്കറിയ പറഞ്ഞു.

എന്നാല്‍ സക്കറിയയെ കയ്യേററം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക്‌ പങ്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിററി അറിയിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേററും സംഭവത്തെ അപലപിച്ചു. ഇന്നലെ പയ്യന്നൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ രാജ്‌മോഹന്‍ ഉണ്ണിത്താനെ അനുകൂലിച്ച് സംസാരിച്ചതിന്‍റെ പേരിലാണ് സക്കറിയയെ ഒരു വിഭാഗം ഡിവൈ‌എഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.