ട്രാഫിക് വാര്‍ഡനെ അപമാനിച്ച സംഭവത്തില്‍ എഡിജിപി ബി സന്ധ്യ മൊഴിയെടുത്തു

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2013 (10:36 IST)
PRO
കൊച്ചിയില്‍ ട്രാഫിക് വാര്‍ഡനെ അപമാനിച്ച സംഭവത്തില്‍ എഡിജിപി ബി സന്ധ്യ അന്വേഷണം തുടങ്ങി. എഡിജിപിയുടെ മൊഴിയെടുപ്പ് നാല് മണിക്കൂര്‍ നീണ്ടു. മുന്‍പ് കൊടുത്ത മൊഴിയില്‍ പത്മിനി ഉറച്ചുനില്‍ക്കുകയാണ്.

നവംബര്‍ രണ്ടിനാണ് ഡ്യൂട്ടിക്കിടെ ട്രാഫിക് വാര്‍ഡന്‍ ആക്രമിക്കപ്പെട്ടത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കാണിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സുനീഷ് ബാബു ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പത്മിനി ഐജിക്ക് പരാതി നല്‍കിയിരുന്നു.

ഐജിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ കമ്മീഷണര്‍ കെ ജെ ജെയിംസ് പൊലീസുകാര്‍ക്ക് അനുകൂലമായും വാര്‍ഡന്റെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായും റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ പ്രതി വിനോഷിന്റെ ക്രിമിനല്‍ പശ്ചാത്തലം കോടതിയില്‍ മറച്ചുവെച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും നീതി തേടി പൊലീസ് സ്‌റ്റേഷനും കോടതിയും കയറിയിറങ്ങുകയാണ് പത്മിനി.