ടൈറ്റാനിയം സ്പോഞ്ച് നിര്‍മാണം പൊതുവായ മുന്നേറ്റമാകും: മുഖ്യമന്ത്രി

Webdunia
വെള്ളി, 5 ഏപ്രില്‍ 2013 (17:52 IST)
PRO
PRO
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും(എസ്.എ.ഐ.എല്‍) സംസ്ഥാന വ്യവസായ കോര്‍പറേഷനും (കെ.എസ്.ഐ.ഡി.സി) കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും സംയുക്തമായി 2,500 കോടി രൂപ മുതല്‍മുടക്കില്‍ ടൈറ്റാനിയം സ്പോഞ്ച് ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനു മാത്രമല്ല കേരളത്തിന്റെ പൊതുവായ മുന്നേറ്റവുമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലില്‍ ടൈറ്റാനിയം സ്പോഞ്ച് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇതോടെ ആരംഭഘട്ടത്തില്‍ 10,000 ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഉത്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിയും. ഇത് വീണ്ടും ഉരുക്കി ടൈറ്റാനിയം മെറ്റലാക്കുമ്പോള്‍ 18 ലക്ഷം മുതല്‍ 40 ലക്ഷം വരെയാകും ഉത്പാദനം. ഇത്തരത്തില്‍ മൂല്യവര്‍ദ്ധന നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വികസനമേഖല കൂടുതല്‍ ഉയരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ധാതു സമ്പത്ത് വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ധാതു സമ്പത്ത് ലോകനിലവാരമുള്ളതാണെങ്കിലും പ്രയോജനപ്പെടുത്താത്തതാണ് സംസ്ഥാനത്തിന്റെ പരാജയം. സംസ്ഥാനം ടൈറ്റാനിയം സ്പോഞ്ച് നാമമാത്രമായാണ് നിര്‍മാണം നടത്തിവന്നിരുന്നത്. എന്നാല്‍ ചെറിയ ശതമാനമായിട്ടുപോലും ഈ രംഗത്ത് ലോകത്തിലെ ഏഴാമത് രാജ്യമായി മാറാന്‍ ഇന്ത്യക്ക് കഴിഞ്ഞു. സെയിലുമായി ചേര്‍ന്ന് പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളം മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ഇതു സംബന്ധിച്ചുള്ള പ്രവര്‍ത്തനം. കേന്ദ്രമന്ത്രിമാരെ കാണുന്നതിനായി സംസ്ഥാന മന്ത്രിമാരുമൊത്ത് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ബന്ധപ്പെട്ട മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു. എമര്‍ജിങ് കേരളയില്‍ ഇതു സംബന്ധിച്ച കൂടുതല്‍ ധാരണ ഉരുത്തിരിഞ്ഞു.
ഇപ്പോള്‍ കരാര്‍ ഒപ്പിടല്‍ വഴി പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പി.പി.പി. മോഡലില്‍ തുടങ്ങാനാണ് പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ ഇതിനായി മികച്ച പങ്കാളിയെ ലഭിക്കാത്ത സാഹചര്യത്തില്‍ പൊതുപങ്കാളിത്തത്തോടെ നടപ്പിലാക്കും. സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇതിന് താത്പര്യം കാട്ടിയിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ തയ്യാറായാല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായും കൈകോര്‍ത്ത് സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം എത്തിക്കുമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന വ്യവസായ-ഐ.ടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു മേഖലകളിലും സംസ്ഥാന സര്‍ക്കാരിന് ഏറെ പദ്ധതികളുണ്ട്. ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങളും ഉണ്ടാകും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി കൂടുതല്‍ സഹകരണവും സംയുക്ത സംരംഭങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ധാരണാപത്രം കെഎസ്ഡിസി എംഡി റ്റോം ജോസ്, സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ കോര്‍പറേറ്റ് പ്ളാനിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എ ജെ മല്‍ഹോത്ര എന്നിവര്‍ ഒപ്പിട്ടു മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും സാന്നിധ്യത്തില്‍ പരസ്പരം കൈമാറി.