ടി. നാരായണന്‍ അന്തരിച്ചു

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2007 (22:48 IST)
FILEFILE

കേരളത്തിലെ വാര്‍ത്താ ഫോട്ടോഗ്രാഫിയുടെ കുലപതികളില്‍ പ്രമുഖനായ ടി നാരായണന്‍ (72) അന്തരിച്ചു. മലയാള മനോരയിലെ ചീഫ് ഫോട്ടോ ഗ്രാഫറായിരുന്നു.കുറച്ചുകാലം അദ്ദേഹം സുഖമില്ലതെ കിടപ്പിലായിരുന്നു.

മലയാള പത്രപ്രവര്‍ത്തനത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്തവരില്‍ പ്രധാനിയാണ് നാരായണന്‍. കോഴിക്കോട്ടെ നാഷണല്‍ സ്റ്റുഡിയോവില്‍ നിന്ന് 1964 ല്‍ മനോരമയില്‍ എത്തുമ്പോള്‍ നാരായണന്‍ വെറുമൊരു സ്റ്റുഡിയോ ഫോട്ടോഗ്രാഫറായിരുന്നു, നാരായണന്‍റെ സിദ്ധികളെ പുറം ലോകത്തിനു കാണിച്ച് കൊടുത്തത് മനോരമയായിരുന്നു.

വയനാട്ടിലെ നക്സല്‍ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പൊലീസ് നടത്തിയ തിരച്ചില്‍ ആണ് നാരായണന്‍റെ ഫോട്ടാ‍കളെ വായനക്കാര്‍ക്ക് ഏറെ പരിചിതമാക്കിയത്. പൊലീസ് സംഘത്തിന്‍റെ പിന്നാലെ വയനാടന്‍ കാടുകളില്‍ അന്ന്‌ ടി.നാരായണനും ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയും പോയിരുന്നു.

വര്‍ഗീസിന്‍റെ വധം, അജിതയുടെ അറസ്റ്റ്, വയനാടന്‍ കാടുകളിലെ പൊലീസ് തിരച്ചില്‍ തുടങ്ങി ഒട്ടേറെ വാര്‍ത്താ ചിത്രങ്ങള്‍ ടി.നാരായണന്‍ അനശ്വരമാക്കി.

തോണി മറിഞ്ഞ് കണ്ണവം സ്‌കൂളിലെ കുട്ടികള്‍ മരിച്ചപ്പോള്‍ ഒരമ്മയുടെ ദു:ഖം ക്യാമറയില്‍ പകര്‍ത്തിയ നാരായണന് അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്താ ചിത്ര അവാര്‍ഡായ കിള്ളി അവാര്‍ഡ് ലഭിച്ചു. പിന്നീട് ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും നാരായണനെ തേടിയെത്തി.

വീഡിയോ ക്യാമറകള്‍ ഇല്ലാതിരുന്ന അക്കാലത്ത് നാരായണന്‍റെ ഫോട്ടോവില്‍ പെടാനായി രാഷ്ട്രീയ നേതാക്കള്‍ മത്സരിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വാര്‍ത്താ ചിത്രത്തിന് മികവും ജീവസ്സും അര്‍ത്ഥ തലങ്ങളും നല്‍കാന്‍ നാരായണന്‍റെ ക്യാമറയ്ക്ക് ആയിരുന്നു.


ഒരു ഓശാന പെരുന്നാളിന് കുരുത്തോലയ്ക്കിടയിലെ കുരുന്ന് എന്ന ശീര്‍ഷകത്തില്‍ മനോരമയില്‍ വന്ന ഫോട്ടോ വളരെ ശ്രദ്ധേയമായിരുന്നു. കുരുത്തോല പിടിച്ചു കൊണ്ടു നില്‍ക്കുന്ന സ്ത്രീകളോടൊപ്പം ഒരു കുഞ്ഞ് കുരുത്തോല ബനിയനില്‍ തിരുകി നടക്കുന്ന നില്‍ക്കുന്ന ആ ചിത്രം സാധാരണ നിലയില്‍ ആരും അവഗണിച്ച് പോകുമായിരുന്ന കാര്യമായിരുന്നു. പക്ഷെ, നാരായണന്‍റെ ക്യാമറയില്‍ ആ ചിത്രം പതിഞ്ഞപ്പോള്‍ അതൊരു മനോഹര കാവ്യമായി മാറി.

ചന്ദ്രഗ്രഹണത്തിന്‍റെ ദൃശ്യങ്ങള്‍ ഒരേ നെഗറ്റീവില്‍ പല തവണയായി പകര്‍ത്തുക എന്ന ശ്രമകരമായ ദൌത്യം ആദ്യം നിര്‍വഹിച്ചത് ടി.നാരായണനായിരുന്നു. കോഴിക്കോട്ടെ കടപ്പുറത്ത് രാത്രി മുഴുവന്‍ കാത്തിരുന്ന് ഗ്രഹണ ചന്ദ്രന്‍റെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന രൂപം അദ്ദേഹം ഒരേ നെഗറ്റീവില്‍ പല തവണ ക്ലിക്കടിച്ച് പകര്‍ത്തിയത് അന്ന് മനോരമയില്‍ പ്രസിദ്ധീകരിച്ചത് അന്ന് അത്ഭുതത്തോടെയായിരുന്നു വായനക്കാര്‍ കണ്ടത്.
FILEFILE

കോഴിക്കോട്ട് കാ‍രപ്പറമ്പ് കരുവിശ്ശേരിയില്‍ പ്രമുഖ പത്ര പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന ടി.രാമനുണ്ണി നാരായണന്‍റെ മൂത്ത സഹോദരനായിരുന്നു. ഫോട്ടോ ഗ്രാഫിയോടുള്ള താത്പര്യം നാരായണന്‍റെ ജന്മവാസനയായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ വീട്ടിലെ ഒരു മുറി ഡാര്‍ക്ക് റൂമാക്കി മാറ്റി സാധാരണ ക്യാമറയിലെടുത്ത ചിത്രങ്ങള്‍ സ്വയം ഡവലപ്പ് ചെയ്യുന്ന നാരായണന്‍റെ ചിത്രം അദ്ദേഹം ഒരിക്കല്‍ വിവരിച്ചിരുന്നു. ഈ താത്പര്യം കണ്ടറിഞ്ഞാണ് നാരായണനെ ഫോട്ടൊഗ്രാഫി പഠിപ്പിക്കാന്‍ പൂണ്ണിമ നമ്പീശ്ശനോടൊപ്പം വിടുന്നത്

മുഷിയാതെ ജോലിയെടുക്കാനുള്ള താത്പര്യവും സാധാരണ കാഴ്ചകളില്‍ അസാധാരണത്വം കണ്ടെത്താനുള്ള കഴിവുമായിരുന്നു നാരായണനെ മറ്റ് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് വേറിട്ടു നിര്‍ത്തിയത്. ചില പതിവു പടങ്ങല്‍ കിട്ടാത്തപ്പോള്‍ അവയേക്കാള്‍ ആകര്‍ഷകമായ വേറിട്ട പടങ്ങള്‍ എടുത്ത് നാരായണന്‍ മികവു കാട്ടിയിരുന്നു. മൊറാര്‍ജി ദേശായി റെയില്‍‌വേ സ്റ്റേഷനില്‍ നില്‍ക്കുന്ന പടം അത്തരത്തിലൊന്നായിരുന്നു.

കേരളത്തിലേക്ക് ആദ്യത്തെ രാജ്യാന്തര വാര്‍ത്താചിത്ര പുരസ്കാരം കൊണ്ടു വന്നത് നരായണനായിരുന്നു. അദ്ദേഹത്തിന് ആറു തവണ ദേശീയ പുരസ്കാരം ലഭിച്ചു

35 കൊല്ലത്തോളം അദ്ദേഹം മനോരമയില്‍ പ്രവര്‍ത്തിച്ചു. തങ്കമാണ് ഭാര്യ. മക്കളായ ടി.പ്രദീപ് കുമാറും പ്രശാന്തും മനോരമയിലെ ഫോട്ടോ ഗ്രാഫര്‍മാരാണ്.