ടിപി വധം: കുറ്റക്കാരായ 12പേരുടെ ശിക്ഷയില്‍ വാദം ഇന്ന്

Webdunia
വ്യാഴം, 23 ജനുവരി 2014 (08:59 IST)
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരുടെ ശിക്ഷ സംബന്ധിച്ച വാദം ഇന്ന് തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് വാദം. പ്രതികളെന്ന് കണ്ടെത്തിയവരില്‍ മൂന്ന് സിപിഎം നേതാക്കളും കൊലയാളി സംഘത്തിലെ ഏഴ് പേരും ഉള്‍പ്പെടുന്നു.

വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഉച്ചയോടെ വാദം പൂര്‍ത്തിയായാല്‍ മാത്രമേ ഇന്നു ശിക്ഷാവിധി പ്രഖ്യാപിക്കുകയുള്ളൂ.

കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി വിധിച്ചിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ് എന്നിവരും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്ദന്‍, കുന്നുമ്മ ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, മാഹി പുള്ളൂര്‍ പി വി റഫീഖ്, ചൊക്ലി മാരാംകുന്നുമ്മല്‍ എം.കെ. പ്രദീപന്‍ എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ശിക്ഷാവിധി സംബന്ധിച്ച വാദമാണ് ഇന്ന് ആരംഭിക്കുന്നത്.

കോഴിക്കോട്ടെ ജില്ലാകമ്മറ്റിയംഗം പി മോഹനനുള്‍പ്പടെ 24 പേരെ കോടതി ഒഴിവാക്കിയിരുന്നു. കനത്തസുരക്ഷാ സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.