ടിപിയെ കൊലപ്പെടുത്തിയവര്‍ മറുപടി പറയേണ്ടിവരുമെന്ന് വി എസ്‌

Webdunia
ചൊവ്വ, 21 ജനുവരി 2014 (18:24 IST)
PRO
PRO
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ ആരായാലും അവര്‍ ഇന്നല്ലെങ്കില്‍ നാളെ അതിന് മറുപടിപറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

അവര്‍ ഒരുനാള്‍ കണിശമായും ചരിത്രത്തിന്റെ മുന്നില്‍ തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരനെക്കുറിച്ച് വടകര ഓര്‍ക്കാട്ടേരി മലയാളം സാംസ്‌കാരികവേദി തയ്യാറാക്കുന്ന ഡോക്യുമെന്ററിയിലാണ് ചന്ദ്രശേഖരനെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ വിഎസ് തുറന്നടിക്കുന്നത്.

വലതുപക്ഷ വ്യതിയാനത്തിനും അവസാരവാദത്തിനുമെതിരെ കമ്യൂണിസ്റ്റ് നന്മയ്ക്കുവേണ്ടി പോരാടിയ ധീരനാണ് ടിപിയെന്ന് ഡോക്യുമെന്ററിയില്‍ വി എസ് ആവര്‍ത്തിക്കുന്നു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ചന്ദ്രശേഖരന്റെത്. അങ്ങനെയുള്ള ആളാണ് അതിഭീകരമായ രീതിയില്‍ കശാപ്പുചെയ്യപ്പെട്ടത്.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയിസ് ടി പി വധക്കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്നും വി എസ് പറഞ്ഞു. ഗൗരവമേറിയ അന്വേഷണത്തിന് വിധേയമാവേണ്ട കാര്യമാണിത്. കള്ളക്കടത്തുകാരനായ ഒരാള്‍ ടി പി വധക്കേസിലെ പ്രതികളെ ജയിലില്‍ പോയി കാണുക എന്നത് അത്ഭുതമുണ്ടാക്കുന്ന സ്ഥിതിയാണ്. പൊലീസ് അനുവദിക്കാതെ അയാള്‍ക്ക് കാണാനാവില്ല. അനുവദിച്ചാല്‍ത്തന്നെ കാണേണ്ടവരെ അയാള്‍തന്നെയാണ് നിശ്ചയിക്കുന്നത്. ഇവരെല്ലാംതമ്മിലുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണം വേണമെന്നും വി എസ് പറഞ്ഞു.

ടി പി ചന്ദ്രശേഖരനുമായി ബന്ധമുള്ളവര്‍, പല കാര്യങ്ങള്‍ക്കായി ടി പിയുടെ സഹായം കിട്ടിയവര്‍, ബാല്യകാല സുഹൃത്തുക്കള്‍, ജീവിച്ചിരിക്കുന്ന ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍ തുടങ്ങിയവരുമായി സംസാരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. രണ്ടുദിവസംമുമ്പാണ് വിഎസ് ഡോക്യുമെന്ററിക്കുവേണ്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.