ടിപി ചന്ദ്രശേഖരന് സുരക്ഷ നല്‍കാതിരുന്നത് വിഎസ് അച്യുതാനന്ദനാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഎസ് മുഖ്യമന്ത്രിയായിരിക്കെയാണ് ടിപിക്ക് സുരക്ഷ നല്‍കണമെന്ന റിപ്പോര്‍ട്ട് വന്നത്. വിഎസ് മുഖ്യമന്ത്രിയായിരിക്കെയാണ് ടിപിക്ക് നേരെ ആദ്യവധശ്രമവും ഉണ്ടായത്. പുന്നപ്ര വയലാര്‍ സമരത്തെ വിഎസ് വിറ്റ് കാശാക്കി.
സമരം തന്നെ ജീവിതം എന്ന പുസ്തകം ഇതിന് തെളിവാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. വിഎസിന് വേണ്ടിയാണ് ടിപി ചന്ദ്രശേഖരന്‍ എല്ലാം ചെയ്തതെന്നും ഇതെല്ലാം വിഎസിന് മറക്കാനാകുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഎസും ടിപിയെ തള്ളിപ്പറയുന്നത് കഷ്ടമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു.
ടിപിയെ വിറ്റത് താനല്ലെന്നും ചന്ദ്രശേഖരന്‍ വധം പുസ്തകമാക്കി വിറ്റ് കാശാക്കിയത് തിരുവഞ്ചൂരാണെന്നും വിഎസ് ആരോപിച്ചതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. തനിക്ക് വധഭീഷണി ഉണ്ടെന്ന് ടിപി മുഖ്യമന്ത്രിയേയും മുല്ലപ്പള്ളിയേയും അറിയിച്ചിരുന്നു. എന്നാല്‍ വേണ്ട സംരക്ഷണം നല്‍കിയില്ല. ടിപി വധത്തില്‍ ഇപ്പോള്‍ വേദനകൊള്ളുന്നത് കശാപ്പിന് കൂട്ടുനിന്നവരാണ്. ടിപി വധം മാധ്യമങ്ങള്‍ കൃഷിയാക്കിയെന്നും വിഎസ് വിമര്‍ശിച്ചു.