ടാറ്റയുടെ ഭൂമി കയ്യേറ്റം ക്രൈംബ്രാഞ്ചിന്, ഐ ജി ശ്രീജിത്തിന് ചുമതല

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2015 (15:43 IST)
ടാറ്റയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. 39 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉള്ളത്. അതിനിടെ, കണ്ണന്‍ ദേവന്‍ കമ്പനിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിലാണ് കണ്ണന്‍ ദേവനെതിരെ സര്‍ക്കാര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
 
മൂന്നാറിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കമ്പനി ഹാജരാക്കിയ രേഖകളില്‍ ഒട്ടേറെ തിരുത്തലുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. 1977ലെ മുന്നൂറ്റിയെണ്‍‌പത്തൊന്നാം നമ്പര്‍ കരാറില്‍ ബന്ധപ്പെട്ട വിദേശ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പോ സീലോ ഇല്ല. സാക്ഷികളുടെ മേല്‍വിലാസമടക്കം വ്യാജ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. 
 
18 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാക്കിയ തിരുത്താധാരം 15 രൂപ സ്റ്റാമ്പ് പേപ്പറിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അതില്‍ ഒപ്പിട്ടവര്‍ക്ക് നേരത്തെയുള്ള കരാറുമായി ബന്ധമൊന്നുമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
 
തിരുത്താധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 100 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച സര്‍ക്കാര്‍, വ്യാജ രേഖകള്‍ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് കണ്ണന്‍ ദേവന്‍ ശ്രമിക്കുന്നതെന്നും ബോധിപ്പിച്ചു.