കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍റെ നിലപാടിനെ തള്ളിക്കളഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി ജെ ജോസഫിനെ സ്വാഗതം ചെയ്യുന്ന ഒരു നീക്കവും എല്‍ ഡി എഫില്‍ നടക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കി.
ജോസഫിനെ ക്ഷണിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അത്തരം ഒരു നീക്കവും എല്‍ ഡി എഫില്‍ നടക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നത് കേരള കോണ്‍ഗ്രസിനുള്ളിലാണ്. വിട്ടുപോയവര്‍ തിരിച്ചുവന്നാല്‍ പെട്ടെന്ന് സ്വീകരിക്കുന്ന മുന്നണിയല്ല എല്‍ ഡി എഫ് - പിണറായി വ്യക്തമാക്കി.
യു ഡി എഫിലെ സ്വാഭാവിക തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സീറ്റുവിഭജനം നടക്കുമ്പോള്‍ ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു.
ജോസഫും കൂട്ടരും എല്‍ ഡി എഫ് വിട്ടുപോയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്നും അവര്‍ തിരിച്ചുവന്നാല്‍ സ്വാഗതം ചെയ്യുമെന്നും വൈക്കം വിശ്വന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസഫുമായി തോമസ് ഐസക്ക് ചര്‍ച്ച നടത്തുകയും ചെയ്തു. മാണിഗ്രൂപ്പ് ഒന്നടങ്കം വന്നാലും സ്വീകരിക്കുമെന്ന് എം എം മണിയും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ യു ഡി എഫ് വിടില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയതോടെയാണ് ജോസഫ് ഗ്രൂപ്പിനെ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പിണറായി വിജയന്‍ എത്തിയിരിക്കുന്നത്.
ടി വി ചാനലുകള്‍ പക്ഷപാതം കാണിക്കുന്നതായും പിണറായി വിജയന്‍ ആരോപിച്ചു. കേരള രക്ഷാമാര്‍ച്ചിലുണ്ടായ വന്‍ ജനമുന്നേറ്റം ചാനലുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.