ജോസഫിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (19:23 IST)
PRO
പി ജെ ജോസഫിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. ജോസഫിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്കയച്ചു. അതേസമയം, താന്‍ ദൂതന്‍ മുഖേന മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയച്ചിരുന്നതായും ഏതുസാഹചര്യത്തിലാണ് തന്നെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് അറിയില്ലെന്നും പി ജെ ജോസഫ് പ്രതികരിച്ചു.

വഞ്ചനാപരമായ നിലപാടാണ് ജോസഫ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ ഡി എഫില്‍ നിന്നുകൊണ്ട് മാസങ്ങളായി മറ്റൊരുപാര്‍ട്ടിയുമായി ജോസഫ് ചര്‍ച്ച നടത്തി വരികയായിരുന്നു. അത് ധാര്‍മ്മികതയല്ല. അതിനാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു - വി എസ് പറഞ്ഞു.

ജോസഫിന്‍റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചിരുന്നു എന്ന് ജോസഫ് വിഭാഗം നേതാവ് ടി യു കുരുവിള പറഞ്ഞു.

രാഷ്ട്രീയ വഞ്ചന കാട്ടിയ പി ജെ ജോസഫിനെ ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ജോസഫ് നെറികെട്ട രാഷ്ട്രീയ അവസരവാദിയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും പ്രതികരിച്ചു.