ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ ഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യവനപാലകന്‍ വനംമന്ത്രിക്ക് കൈമാറി. വട്ടവട കൊട്ടക്കമ്പൂരിലെ ഭൂമിസംബന്ധിച്ച് പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്നും ഭൂമി വനഭൂമിയാണെന്നും പട്ടയം വ്യാജമായി ചമച്ചതാണെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പട്ടയത്തിലാണോ ഭൂമികൈമാറ്റത്തിലാണോ ക്രമക്കേടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. .
ഇന്നലെ കൊട്ടക്കമ്പൂരിലെ വില്ലേജ് ഓഫീസിലെത്തി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി രേഖകള്‍ പരിശോധിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. വിശദപരിശോധനയില്‍ ക്രമക്കേട് തെളിഞ്ഞാല്‍ പട്ടയം റദ്ദാക്കും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ റവന്യൂമന്ത്രിക്ക് കൈമാറും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വെള്ളിയാഴ്ച മൂന്നാറിലെത്തി ദേവികുളം താലൂക്ക് ഓഫീസിലെ രേഖകള്‍ പരിശോധിച്ചിരുന്നു.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വി.ഗോപിനാഥനും ഇന്നലെ കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയില്‍ പരിശോധന നടത്തിയിരുന്നു. അദ്ദേഹം വനംവകുപ്പിന്റെ രേഖകളും പരിശൊദിക്കും.
എന്നാല്‍ ജോയ്സ് ജോര്‍ജിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കനുസരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ജോയ്‌സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരില്‍ വിവാദ ഭൂമിയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്ടര്‍ക്കു പരാതി ലഭിച്ചതോടെയാണു സംഭവം വിവാദമായത്. തുടര്‍ന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യുമന്ത്രി അടൂര്‍ പ്രകാശും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.