ജിഷ വധം: പ്രതിയെ പിടികൂടിയത് ടെറസില്‍ നിന്ന്‌

Webdunia
ബുധന്‍, 22 ഫെബ്രുവരി 2012 (00:03 IST)
നീലേശ്വരം മടിക്കൈ കൂലാംതോടിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ (25)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വീട്ടുവേലക്കാരന്‍ ഒറീസ കട്ടക്ക്‌ സ്വദേശി മദനന്‍ എന്ന മധു (23) പൊലീസ്‌ പിടിയിലായി. ചൊവ്വാഴ്ച ഉച്ചയോടെ കൊല നടന്ന വീടിന്റെ ടെറസില്‍നിന്നാണ്‌ ഇയാളെ പൊലീസ് പിടികൂടിയത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് മധു ജിഷയെ കുത്തി പരുക്കേല്‍പ്പിച്ചത് മംഗലാപുരം ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി പത്ത്‌ മണിയോടെയാണ്‌ ഇവര്‍ മരണമടഞ്ഞത്‌. രാജേന്ദ്രന്റെ പിതാവ്‌ രോഗിയായ കണ്ണന്‍ നായരെ പരിചരിക്കാനായാണ് മദനനെ ജോലിക്ക് വച്ചിരുന്നത്.

വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് മദനന്‍ ആക്രമണം നടത്തിയത്. പൊടുന്നനെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടതോടെ അമ്പരന്നുനിന്ന ജിഷയുടെ കഴുത്തില്‍ തലങ്ങും വിലങ്ങും മദനന്‍ കുത്തുകയായിരുന്നു. ജിഷയും സഹോദരന്റെ ഭാര്യ ലേഖയും കണ്ണന്‍നായരും മാത്രമാണ്‌ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്‌.