ജിദ്ദയില്‍ തീപിടിത്തം; മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

Webdunia
വ്യാഴം, 24 മാര്‍ച്ച് 2011 (08:45 IST)
PRO
PRO
ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മുറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് രണ്ട് മലയാളികള്‍ ശ്വാസം‌മുട്ടി മരിച്ചു. നാല് മലയാളികള്‍ ആശുപത്രിയിലാണ്. പെരിന്തല്‍മണ്ണ പാലോളിപ്പറമ്പ്‌ സ്വദേശികളായ കല്ലൂപാലന്‍ ഫൈറൂസ്‌ (24), ഫൈസല്‍ഖാന്‍ (24) എന്നിവരാണു മരിച്ചത്‌. ഫൈസലിന്റെ പിതാവ്‌ അബ്ദുല്‍ അസീസ്‌, തേലക്കാട്‌ കാപ്പ്‌ സ്വദേശി സുധീര്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.

ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ഇവര്‍ താമസിച്ചിരുന്ന, ജിദ്ദയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ബലദിലെ മോണിറ്ററി ഏജന്‍സിക്ക്‌ സമീപമുള്ള കെട്ടിടത്തിന്റെ നാലാം നിലയിലുള്ള മുറിക്ക് തീപിടിക്കുകയായിരുന്നു.
ഷോര്‍ട്ട്‌ സര്‍ക്യൂട്ട് മൂലം ഡൈനിംഗ് ഹാളിലെ ടെലിവിഷന്‍ സെറ്റിന്റെയും ഫ്രിഡ്ജിന്റെയും സമീപത്താണു തീപ്പിടിത്തമുണ്ടായത്‌.

മുറിക്കുള്ളില്‍ ചൂടും പുകയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഇറക്കമുണര്‍ന്ന് ബഹളം വച്ചു. തുടര്‍ന്ന് രക്ഷപ്പെടാനായി ഇവര്‍ മുറിയുടെ ജനലുകള്‍ തകര്‍ത്തപ്പോഴാണ് സമീപത്തുള്ളവര്‍ വിവരമറിഞ്ഞത്‌. അഗ്നിശമനസേനാംഗങ്ങള്‍ എത്തി രക്ഷപ്പെടുത്തുമ്പോഴേക്കും ഫൈറൂസ്‌ മരിച്ചിരുന്നു. ഫൈസല്‍ ആശുപത്രിയില്‍ വച്ചും മരിച്ചു.

തീപിടുത്തമുണ്ടായ മുറിയില്‍ താമസിച്ചിരുന്നവര്‍ എല്ലാം ജിദ്ദയിലെ ബലദിലുള്ള മൊബൈല്‍ കടകളില്‍ ജോലി ചെയ്യുന്നവരാണ്. മരിച്ച ഫൈസല്‍ പുതിയ വിസയില്‍ നാട്ടില്‍നിന്നെത്തിയത് ഒരു മാസം മുമ്പാണ്‌‌. രാത്രി പന്ത്രണ്ട് മണിയോടെ കടകളടച്ച് വന്ന ഇവര്‍ ഒരുമണിയോടെ കിടന്നുറങ്ങിയിരുന്നു. ഫൈറൂസിന്റെയും ഫൈസലിന്റെയും മൃതദേഹങ്ങള്‍ മഹ്ജര്‍ കിങ്‌ അബ്ദുല്‍ അസീസ്‌ മോര്‍ച്ചറിയിലാണുള്ളത്‌.