ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വീണ്ടും സൂഫിയ

Webdunia
വെള്ളി, 16 ജൂലൈ 2010 (16:36 IST)
PRO
കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി വീണ്ടും കോടതിയെ സമീപിച്ചു. എറണാകുളം ജില്ലയ്ക്ക് പുറത്തു പോകാന്‍ അനുമതി തേടി കൊച്ചി എന്‍ ഐ എ കോടതിയെയാണ് സൂഫിയ സമീപിച്ചിരിക്കുന്നത്.

രോഗബാധിതനായ ഭര്‍തൃപിതാവിനെ പരിചരിക്കാന്‍ കൊല്ലം അന്‍വാര്‍ശ്ശേരിയിലെ തറവാട്‌ വീട്ടിലേക്ക്‌ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ വേണമെന്നാണ്‌ ആവശ്യം. കഴിഞ്ഞമാസം ഭര്‍ത്താവ്‌ അബ്ദുള്‍ നാസര്‍ മദനിയെ കാണുന്നതിനായി മൂന്ന്‌ ദിവസത്തേക്ക്‌ ജില്ല വിടുന്നതിന്‌ സൂഫിയയുടെ ജാമ്യവ്യവസ്ഥ കോടതി ഇളവ് ചെയ്തിരുന്നു.

ഒരു മാസത്തെ ഇളവ് വേണം എന്നായിരുന്നു സൂഫിയയുടെ ആവശ്യമെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സൂഫിയ ഏറ്റവും ആദ്യം നല്‍കിയിരുന്ന അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടാമത് നല്കിയ ജാമ്യാപേക്ഷയിലാണ് സൂഫിയയ്ക്ക് കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത്.