ജലലഭ്യത വര്‍ധിപ്പിക്കുന്നതിനും നിലവാരം ഉറപ്പു വരുത്തുന്നതിനും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെക്ക് ഡാമുകളുടെയും മഴവെള്ള സംഭരണികളുടെയും നിര്‍മാണം, കുളങ്ങളിലെയും പാറമടകളിലെയും ജലം ഉപയോഗയോഗ്യമാക്കാന്‍ തുടങ്ങിയ ഉടന്‍ പ്രയോജനം കിട്ടുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയിലെ വരള്‍ച്ച ദുരിതാശ്വാസ പ്രവനത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലങ്ങളില്‍ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ല കളക്ടര്‍ നിയോഗിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.
ജലം ആവശ്യത്തിന് ലഭ്യമാകുന്ന സ്രോതസുകളില്‍ സദാസമയവും പമ്പിങ് ഉറപ്പു വരുത്താന്‍ സമര്‍പ്പിത ലൈന്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതികളുടെ വൈദ്യുതി ബന്ധം കുടിശിക മൂലം വിഛേദിച്ചിട്ടുണ്ടെങ്കില്‍ അടിയന്തിരമായി പുനഃസ്ഥാപിക്കും. ചെറുകിട ജലസേചന പദ്ധതികളില്‍ കേടായ മോട്ടോറുകള്‍ ഉടനെ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ജലമോഷണം തടയാന്‍ എറണാകുളവും മൂവാറ്റുപുഴയും കേന്ദ്രീകരിച്ച് രണ്ട് സ്‌ക്വാഡുകളെ നിയോഗിക്കും. ഇത്തരം കേസുകളില്‍ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 12.38 കോടി രൂപയുടെ 547 അടിയന്തിര പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 80 ശതമാനവും ഉടനെ പൂര്‍ത്തീകരിക്കാനാകുമൊണ് ജില്ല കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഈ പദ്ധതികള്‍ ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് വലിയൊരു പരിധി വരെ പരിഹാരമാകും. മുളവൂര്‍, അശമൂര്‍, പായിപ്ര മേഖലകള്‍ക്കായി നടപ്പാക്കിയിട്ടുള്ള കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എംഎല്‍എമാരുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വരള്‍ച്ച ദുരിതാശ്വാസ പദ്ധതികളുടെ നടത്തിപ്പിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി. പദ്ധതികള്‍ക്ക് പണം പ്രശ്‌നമല്ലെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപ വീതം മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ചെലവിടുന്ന മുറയ്ക്ക് ബാക്കി തുക കൂടി നല്‍കും. ജലസ്രോതസുകളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.