നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണം. ആലുവ സബ്ജയിലില്‍ ദിലീപിന് വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് പരാതി.
പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു ദിലീപ് കഴിയുന്നതെന്നു ഡിജിപിക്ക് പരാതി ലഭിച്ചു.
ആലുവ സ്വദേശി ടിജെ ഗിരീഷ് ആണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. അവധി ദിവസങ്ങളില്‍ ജയിലിനുള്ളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജയിലിനു പുറത്ത് ബോര്‍ഡ് എഴുതിവെച്ചിരിക്കേ തിരുവോണനാളിലും ഉത്രാട ദിനത്തിലും ദിലീപിനെ കാണാന്‍ സന്ദര്‍ശകര്‍ എത്തിയതും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സന്ദര്‍ശകരില്‍ പലരും കേസുമായി നേരിട്ടു ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചവരുമാണെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു.
പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനു നാലു മണിക്കൂര്‍ നേരത്തേക്ക് കോടതി അനുമതി നല്‍കിയ വിവരം പുറത്തുവന്നതു മുതല്‍ താരത്തെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കായിരുന്നു. കെ.ബി. ഗണേഷ്കുമാർ എംഎൽഎ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, ജയറാം, സംവിധായകൻ രഞ്ജിത്, നിർമാതാവ് ആൽവിൻ ആന്റണി, നടന്മാരായ നാദിർഷാ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കലാഭവൻ ജോർജ് എന്നിവര്‍ ഓണാവധിയില്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാടാണു ജയില്‍ സൂപ്രണ്ടിന്റേത്. ദിലീപിനെ കാണാന്‍ ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നു ജയില്‍ ചട്ടങ്ങളില്‍ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെയൊരു ബോര്‍ഡ് വച്ചിരിക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.