ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സുഖപ്രസവം!

Webdunia
വ്യാഴം, 17 മാര്‍ച്ച് 2011 (09:37 IST)
PRO
ഓടുന്ന ട്രെയിനില്‍ ഇരുപത്തിയഞ്ചുകാരിക്ക് സുഖ പ്രസവം! തമിഴ്നാട് സ്വദേശിനിയായ ജ്യോതി എന്ന യുവതിയാണ് ട്രിച്ചി - എറണാകുളം എക്സ്പ്രസ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ട്രിച്ചി തിരുവരമ്പൂര്‍ സ്വദേശിനിയാണ് ജ്യോതി. ആലുവയിലുള്ള ബന്ധുവീട്ടിലേക്ക് പോകും വഴി പറളി സ്റ്റേഷനും ലക്കിടി സ്റ്റേഷനും ഇടയില്‍ വച്ച് വെളുപ്പിന് മൂന്നരയോടെയാണ് പ്രസവം നടന്നത്. കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന സ്ത്രീകളും മറ്റുയാത്രക്കാരും യുവതിക്ക് എല്ലാ സഹായങ്ങളും ഒരുക്കി നല്‍കി.

ട്രെയിന്‍ ഒറ്റപ്പാലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ റയില്‍‌വെ അധികൃതര്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ച ശേഷം യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍, സ്റ്റേഷനിലേക്ക് ആംബുലന്‍സ് അയയ്ക്കാന്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ബന്ധപ്പെട്ടു എങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാലാണ് യുവതിയെ യാത്ര തുടരാന്‍ അനുവദിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.