ചേര്‍ത്തലയില്‍ സിപിഎം ഹര്‍ത്താല്‍

Webdunia
ചൊവ്വ, 8 ഫെബ്രുവരി 2011 (10:56 IST)
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ഇന്ന് സി പി എം ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. ചേര്‍ത്തല മാടക്കലില്‍ സി പി എം-ആര്‍ എസ്‌ എസ്‌ സംഘര്‍ഷത്തില്‍ തിങ്കളാഴ്ച രാത്രി ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകനു വെട്ടേറ്റിരുന്നു.

ചേര്‍ത്തല സ്വദേശി സദാശിവനായിരുന്നു വെട്ടേറ്റത്‌. ഇതിനെ തുടര്‍ന്ന്, ഇന്നു രാവിലെ സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സി പി എം ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം, വെട്ടേറ്റ സദാശിവനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരുക്ക് അതീവ ഗുരുതരമാണെന്നാണ് സൂചന.പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌.