ചെന്നിത്തലയുടെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Webdunia
തിങ്കള്‍, 1 ജൂലൈ 2013 (11:36 IST)
PRO
കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് മുസ്ലീംലീഗ് പിന്നോട്ടെന്ന് സൂചന. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ചര്‍ച്ച അപ്രസക്തമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിന് ലീഗ് ഫോര്‍മുല മുന്നോട്ടുവെക്കില്ല. രമേശ് ചെന്നിത്തലയുടെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. കടുത്ത നിലപാടുകളിലേക്ക് പോകരുതെന്ന് ലീഗിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടു.

ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന കെപിസിസി മുന്‍ പ്രസിഡണ്ട് സി.കെ ഗോവിന്ദന്‍നായരുടെ മുന്നറിയിപ്പ് ശരിയാകുകയാണെന്ന ചെന്നിത്തലയുടെ പരാമര്‍ശമാണ് ലീഗിനെ പ്രകോപിപ്പിച്ചത്.

രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ അനുകൂലിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും കെ മുരളീധരന്‍ എം‌എല്‍‌എയുടെയും അഭിപ്രായങ്ങള്‍ കൂടി പുറത്തുവന്നതോടെ ലീഗ് ഇടയുകയായിരുന്നു.