ചാലക്കുടി സീറ്റ്: പി സി ചാക്കോ പറഞ്ഞത് വിഴുങ്ങി

Webdunia
ഞായര്‍, 16 മാര്‍ച്ച് 2014 (16:05 IST)
PRO
ചാലക്കുടി സീറ്റ് നിര്‍ബന്ധിച്ച് കരസ്ഥമാക്കിയ കോണ്‍ഗ്രസ് വക്താവ് കൂടിയായ പി.സി.ചാക്കോ ഇത്തവണ കോണ്‍ഗ്രസ് ജയിക്കുന്ന സാഹചര്യമല്ലെന്നും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാല്‍ അതിശയമില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് വിഴുങ്ങി.

ചാക്കോയുടെ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവരും ഉടന്‍ രംഗത്തെത്തി. അപ്പോള്‍ മാത്രമാണ്‌ താന്‍ പറഞ്ഞതിന്‍റെ ആഴം എത്രത്തോളം ഉണ്ടെന്ന് ചാക്കോയ്ക്ക് മനസ്സിലായത്. ഇപ്പോള്‍ ചാക്കോ പറയുന്നത് യു.പി.എ മൂന്നാം തവണയും വരും എന്നാണ്‌. ഇരിങ്ങാലക്കുട രൂപതാ ബിഷപ് പോളി കണ്ണൂക്കാടന്‍റെ അനുഗ്രഹത്തിനായി എത്തിയപ്പോഴാണ്‌ ചാക്കോ ഇതു പറഞ്ഞത്.

തന്‍റെ പ്രസ്താവന മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ്‌ ചാക്കോ ഇപ്പോള്‍ പറയുന്നത്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത സമാനതകള്‍ ഇല്ലാത്ത നേട്ടങ്ങളാണ്‌ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് യു.പി.എ സര്‍ക്കാറിനു കൈവരിക്കാന്‍ കഴിഞ്ഞതെന്നും ചാക്കോ തുടര്‍ന്നു പറഞ്ഞു തടിതപ്പി.

ചാക്കോയുടെ പ്രസ്ഥാവന ചാക്കോ സ്വന്തം മണ്ഡലത്തില്‍ ജയിക്കില്ലെന്ന് ഉറപ്പിച്ചതിനാല്‍ പറയുന്നതാണെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയായ എല്‍.ഡി.എഫ് സ്വതന്ത്രന്‍ സിനിമാ താരം ഇന്നസെന്‍റ് ആരോപിക്കുകയും ചെയ്തു.