ചരിത്രത്തിന്റെ പടിവാതിൽ തുറന്നുകൊണ്ട് ദുൽഖർ

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (16:25 IST)
ആകാംഷ നിറഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം പൂർത്തിയാകുമ്പോൾ ശ്രദ്ധേയമാകുന്നത് ദുൽഖർ സൽമാന്റെ അപ്രതീക്ഷിത വിജയമാണ്. ചാർലി എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയം ദുൽഖറിനെ മികച്ച നടനായി മാറ്റുകയായിരുന്നു. വാപ്പയുടെ മകൻ തന്നെ എന്നു അടിവരയിടുകയാണ് ദുൽഖർ. മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയെന്ന റെക്കോർഡ് മമ്മൂട്ടിക്കാണ്. ഈ സാഹചര്യത്തിൽ അതേ മേഖലയിൽ തന്റെ കന്നി അവാർഡും സ്വന്തമാക്കികൊണ്ട് വാപ്പക്ക് പിന്നാലെ ചുവടുകൾ വെക്കുന്ന ദുൽഖറിനെ മലയാളി പ്രേക്ഷകർ കൗതുകപൂർവ്വം വീക്ഷിക്കുന്നു.
 
അവാർഡ് പ്രഖ്യാപനത്തിനു മുൻപ് വരെ മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ എന്നീ നടന്മാരുടെ പേരുകളാണ് മികച്ച നടനുള്ള പുരസ്കാരത്തിലേക്ക് പറഞ്ഞ് കേട്ടിരുന്നത്. എന്നാൽ പൃഥ്വിരാജിനെയും മമ്മൂട്ടിയെയും പിൻതള്ളികൊണ്ടായിരുന്നു ദുൽഖറിന്റെ ഈ അപ്രതീക്ഷിത വിജയം. വാപ്പയും മകനും നേർക്കുനേർ എന്ന പ്രത്യേകത കൂടി ഈ അവാർഡിനുണ്ടായിരുന്നു. വാപ്പയെ പുറകിലാക്കികൊണ്ട് ദുൽഖർ മുന്നേറുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ' വാപ്പയുടെ മകൻ തന്നെ, ഓൻ ചരിത്രം ആവർത്തിക്കുന്നു' . 
 
2012 ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കന്നി ചിത്രം വൻ വിജയമായില്ലെങ്കിലും അതേ വർഷം പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ ദുൽഖറിന് ബ്രൈക്ക് നൽകി. പിന്നീടിറങ്ങിയ ദുൽഖറിന്റെ ഓരോ ചിത്രങ്ങ‌ളും വൻ വിജയങ്ങ‌ളായിരുന്നു. വളരെ പെട്ടന്നായിരുന്നു ദുൽഖർ യുവത്വത്തിന്റെ ഹരമായി മാറിയത് .
 
മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് നഷ്ടമായെങ്കിലും മകന്റെ വിജയകുതിപ്പ് അദ്ദേഹത്തിന് സന്തോഷം നൽകുന്നുണ്ട്. സ്നേഹ ചുംബനങ്ങ‌ൾ നൽകിയാണ് ബാപ്പ സന്തോഷം പങ്കുവെച്ചതെന്ന് ദുൽഖർ പറഞ്ഞു. ചരിത്രത്തിലേക്കുള്ള ആദ്യ പടി ചവിട്ടിയ ദുൽഖറിനെ പ്രേക്ഷകർ സന്തോഷപൂർവ്വം അവരുടെ ഹ്യദയത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്.